കൊൽക്കത്ത: മുൻ ഗതാഗത മന്ത്രി സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പാർട്ടിയുടെ ബാരക്പൂർ എം‌എൽ‌എ ശിൽ‌ഭദ്ര ദത്തും പാർട്ടി മേധാവി മമത ബാനർജിക്ക് രാജി സമർപ്പിച്ചു.

അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് അംഗം എന്ന നിലയിലും പാർട്ടിയിലും അതിന്റെ അനുബന്ധ സംഘടനയിലും വഹിച്ചിട്ടുള്ള മറ്റെല്ലാ സ്ഥാനങ്ങളിൽ നിന്നും അടിയന്തര പ്രാബല്യത്തിൽ താൻ രാജിവയ്ക്കുകയാണെന്ന് രാജി കത്തിൽ ദത്ത പറയുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെയും സംഘത്തെയും കാണാൻ ദത്ത നേരത്തെ വിസമ്മതിച്ചിരുന്നു.

പാണ്ഡബേശ്വർ എം‌എൽ‌എയും ടി‌എം‌സിയുടെ പശ്ചിം ബർദ്ധമാൻ ജില്ലാ യൂണിറ്റ് പ്രസിഡന്റുമായ ജിതേന്ദ്ര തിവാരി വ്യാഴാഴ്ച പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചിരുന്നു.

സ്മാർട്ട് സിറ്റി പദ്ധതിക്കായി 2,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് സർക്കാർ തടഞ്ഞുവെന്ന് ആരോപിച്ച് അസൻസോൾ കോർപ്പറേഷൻ മുൻ ചെയർപേഴ്‌സൺ തിവാരി അടുത്തിടെ നഗരവികസന മന്ത്രി ഫിർഹാദ് ഹക്കീമിന് കത്തയച്ചിരുന്നു. തിവാരിയെ മന്ത്രി ഹക്കീം ചര്‍ച്ചയ്ക്കുവിളിച്ചെങ്കിലും മമതയൊഴികെ ആരോടും സംസാരിക്കില്ലെന്ന് തിവാരി ശഠിച്ചു. ബുധനാഴ്ച ഒരു പാര്‍ട്ടിയോഗത്തില്‍ ശുഭേന്ദുവിനെ പ്രശംസിച്ച് അദ്ദേഹം സംസാരിച്ചതോടെ പാര്‍ട്ടി നേതൃത്വവുമായുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.

വനംമന്ത്രി രാജീബ് ബാനര്‍ജി, സുനില്‍ മണ്ഡല്‍ എം.പി. എന്നിവരും രാജിക്കുള്ള ഒരുക്കത്തിലാണെന്നാണ് അറിയുന്നത്. ഇരുവരും പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗത്തിൽ നിരവധി വിമത ടിഎംസി എം‌എൽ‌എമാരും നേതാക്കളും സുവേന്ദുവിനൊപ്പം ബിജെപിയിൽ ചേരാനിടയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ബംഗാളിലെത്തും.

ഇതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എംഎല്‍എമാരടക്കമുള്ളവരോട് ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാനാവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടേയും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിന്റേയും അടിസ്ഥാനത്തിലാണ് യോഗം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook