കൊൽക്കത്ത: വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ ഇടതു പാർട്ടികളുടെ സീറ്റുകൾ കോൺഗ്രസിന് വിട്ടുകൊടുത്തേക്കും. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലേക്കുളള 144 സീറ്റുകളിൽ 38 ഇടതു സീറ്റുകൾ കോൺഗ്രസിന് നൽകിയേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. ബാക്കിയുളള സീറ്റുകളിൽ സിപിഎം സഖ്യ കക്ഷികൾ മത്സരിക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളായ സിപിഐ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക് നേതാക്കളുമായി സിപിഎം കൊൽക്കത്ത ജില്ലാ കമ്മിറ്റി ചർച്ച നടത്തി.

അതേസമയം, സിപിഎം സംസ്ഥാന നേതൃത്വവുമായുളള കൂടിയാലോചനയ്ക്കും കോൺഗ്രസിന്റെ മറുപടിക്കും ശേഷമായിരിക്കും സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.

Read Also: കൊറോണ മുന്‍കരുതല്‍: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാല് ആഴ്ചത്തേക്ക് അടയ്ക്കും

”വരുന്ന തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് നേരിടുകയെന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. സഖ്യകക്ഷികളുമായി സീറ്റ് വിഭജനത്തെക്കുറിച്ചും സംസാരിച്ചു. സീറ്റ് പങ്കിടൽ സംബന്ധിച്ച് കോൺഗ്രസുമായി ഏറ്റുമുട്ടലുണ്ടാകരുതെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന് സ്വാധീനമുളള പ്രദേശങ്ങളിൽ അവരുടെ സ്ഥാനാർഥികൾ മത്സരിക്കട്ടെയെന്നാണ് ഇപ്പോൾ തീരുമാനിച്ചിട്ടുളളത്. ഇക്കാര്യത്തിൽ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുതെന്ന് പാർട്ടി നേതാക്കൾ നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ചർച്ച ചെയ്തു. ഓരോ വാർഡിലും ജനങ്ങൾക്ക് പരിചയവും സ്വീകാര്യതയുമുളള പാർട്ടി പ്രവർത്തകർക്കായിരിക്കും സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ മുൻതൂക്കം നൽകുക. കോൺഗ്രസിന് 38 സീറ്റുകൾ വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറാണ്,” ഒരു സിപിഎം നേതാവ് പറഞ്ഞു.

ഇടതുപക്ഷത്തിന്റെ സീറ്റ് കൈമാറൽ നിർദേശത്തെക്കുറിച്ച് നേതാക്കളുമായി സംസ്ഥാന കോൺഗ്രസ് കമ്മിറ്റി അടുത്ത ആഴ്ച ചർച്ച ചെയ്യും. ഈ ചർച്ചയ്ക്കുശേഷമായിരിക്കും മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook