കൊല്‍കത്ത: പശ്ചിമബംഗാളില്‍ ഹിന്ദുകള്‍ക്ക് എതിരെ നടക്കുന്ന ആക്രമം എന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ചിത്രം പ്രചരിപ്പിച്ചയാളെ ബംഗാള്‍ പോലീസ് അറസ്റ്റു ചെയ്തത സംഭവത്തിനു തൊട്ടുപിന്നാലെ പശ്ചിമബംഗാള്‍ കലാപം പശ്ചാത്തലമാക്കി മറ്റൊരു ചിത്രം സഹിതം പ്രതിഷേധാഹ്വാനം നടത്തി ബിജെപി വക്താവ് നുപുര്‍ ശര്‍മയുടെ ട്വീറ്റ്.

2002ലെ ഗുജറാത്ത് കലാപത്തിനിടയില്‍ ആള്‍കൂട്ടം വണ്ടിക്ക് തീവയ്ക്കുന്ന ചിത്രമാണ് നൂപുര്‍ ശര്‍മ ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. പശ്ചിമബംഗാളിലെ നീതിരാഹിത്യത്തിനും മനുഷ്യജീവനുവിലയില്ലാത്ത അവസ്ഥയിലും പ്രതിഷേധിക്കുവാനായി ജന്തര്‍ മന്തറില്‍ എത്തിചേരണം എന്നു പറഞ്ഞുകൊണ്ടായിരുന്നു ബിജെപി വക്താവിന്‍റെ ട്വീറ്റ്.

ഉടനെ തന്നെ ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ ചിത്രം വര്‍ഗീയ കലാപം നടന്നുകൊണ്ടിരിക്കുന്ന പശ്ചിമ ബംഗാളിലെതല്ല, 200ലെ ഗുജറാത്ത് കലാപത്തിന്‍റെയിടയിലെതാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നുവെങ്കിലും ചിത്രം ഇപ്പോഴും തുടരുകയാണ്. ഈയാഴ്ച തന്നെ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഭോജ്പുരി സിനിമയിലെയൊരു രംഗവും പശ്ചിമബംഗാളില്‍ നിന്നുമുള്ള സംഭവമെന്ന രീതിയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്കും ദുഷ്പ്രചരണങ്ങള്‍ക്കുമെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്ത് വന്നിരുന്നു. ” കപട ദൃശ്യങ്ങളും വീഡിയോകളും പടച്ചുവിടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. നിയമം നിയമത്തിന്‍റെ രീതിയിലാണ് മുന്നോട്ട് പോവുക. കള്ള പ്രചാരണത്തിലും വര്‍ഗീയവിദ്വേഷത്തിലും വീഴാത്ത ബംഗാള്‍ ജനതയെ ഞാന്‍ അഭിനന്ദിക്കുന്നു. സമാധാനം പുനസ്ഥാപിച്ചിരിക്കുകയാണ്. ” മമത ബാനര്‍ജി പറഞ്ഞു.

ഭോജ്പുരി സിനിമയിലെ രംഗം ഉപയോഗിച്ച് നടന്ന വ്യാജവാര്‍ത്താപ്രചരണം.
കടപ്പാട് : ആള്‍ട്ട് ന്യൂസ്

പശ്ചിമബംഗാള്‍ പൊലീസും ട്വിറ്ററിലൂടെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളോട് വ്യാജപ്രൊഫൈലുകള്‍ വഴി തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവരുടെ കെണിയില്‍ പെടരുത് എന്നാണ് പശ്ചിമബംഗാള്‍ പൊലീസിന്‍റെ മുന്നറിയിപ്പ്. “ചിലര്‍ മറ്റു രാജ്യങ്ങളില്‍/പ്രദേശങ്ങളില്‍ നിന്നുമുല്ല പഴയ വീഡിയോകല്‍ പശ്ചിമബംഗാളില്‍ നടന്ന സംഭവം എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിന്‍റെ വാസ്തവം അറിയപ്പെടണം എങ്കില്‍ ഞങ്ങളുമായ് ബന്ധപ്പെടുക. സമുദായങ്ങളുടെ ഇടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രചരണങ്ങളെ സാരമാക്കരുത് എന്ന്‍ ഞങ്ങള്‍ എല്ലാവരോടുമായ് അഭ്യര്‍ത്ഥിക്കുന്നു.” പശ്ചിമബംഗാള്‍ പൊലീസ് ട്വിറ്ററില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook