കൊൽക്കത്ത: ബിജെപി പാർട്ടിയെ ഭീകര സംഘടനയുമായി താരതമ്യം ചെയ്‌ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പ്രസ്‌താവന വിവാദമായി. തൃണമൂൽ കോൺഗ്രസ് ബിജെപിയെ പോലെ ഭീകര സംഘടനയല്ലെന്നായിരുന്നു മമതയുടെ പ്രസ്‌താവന. ക്രിസ്‌ത്യാനികൾക്കും മുസ്‌ലിങ്ങൾക്കും ഇടയിൽ മാത്രമല്ല ഹിന്ദുക്കൾക്കിടയിലും ബിജെപി കലാപം ഉണ്ടാക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസിന്റെ കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.

”ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണ്. അടുത്ത മൂന്നോ ആറോ മാസങ്ങൾക്കുളളിൽ തിരഞ്ഞെടുപ്പ് വരികയാണ്. വോട്ടിങ് മെഷിനീകളിലും ബിജെപി കൃത്രിമം കാട്ടുകയാണ്. ജനങ്ങൾ ജാഗരൂകരായിരിക്കുക”, മമത പറഞ്ഞു. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മമതയുടെ പരാമർശം.

നോർത്ത് ബംഗാളിലെ പൊതുയോഗത്തിൽ സംസാരിക്കവേയാണ് ദിലീപ് ഘോഷ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയത്. അവരുടെ ബുളളറ്റുകൾക്ക് ബുളളറ്റുകൾ കൊണ്ടും ബോംബുകൾക്ക് ബോംബുകൾ കൊണ്ടും ലാത്തികൾക്ക് ലാത്തി കൊണ്ടായിരിക്കും ഞങ്ങൾ മറുപടി നൽകുകയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ