ന്യൂഡല്‍ഹി: നിര്‍ണായക ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പിൽ 58,832 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിൽ വിജയം നേടി ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബിജെപിയുടെ യുവ നേതാവ് പ്രിയങ്ക ടിബ്രെവാളാണ് പ്രധാന എതിരാളി. ബംഗാള്‍ മുഖ്യമന്ത്രിയായി തുടരുന്നതിന് ഭബാനിപൂരിലെ ജയം മമതയ്ക്ക് അനിവാര്യമായിരുന്നു.
നന്ദിഗ്രാമിൽ നിന്ന് തന്നെ തോൽപ്പിക്കാൻ നടത്തിയ ഗൂഢാലോചനയ്‌ക്കെതിരായ വിജയമാണിതെന്ന് ഭബാനിപൂരിലെ വിജയ ശേഷം മമത പറഞ്ഞു. ഇത്രയും വലിയ ജനവിധി നൽകിയതിന് ഭബാനിപൂരിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും മമത പറഞ്ഞു.
അതേസമയം, വ്യാജ വോട്ടർമാരാണ് തന്റെ തോൽവിക്ക് കാരണമെന്ന് ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രെവാൾ ആരോപോചിചു. . “ആളുകളെ വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നെങ്കിൽ, ഫലം മറ്റൊന്നാകുമായിരുന്നു. പോളിംഗ് ദിവസം ഞാൻ വ്യാജ വോട്ടർമാരെ പിടികൂടി. പല ബൂത്തുകളിലും വോട്ടെടുപ്പിൽ കൃത്രിമം നടന്നു. പക്ഷേ, ഭബാനിപ്പൂരിൽ ഞങ്ങളുടെ സംഘടന ദുർബലമായിരുന്നുവെന്ന് ഞാൻ സമ്മതിക്കും. ഞങ്ങൾ ഇത് മെച്ചപ്പെടുത്തേണ്ടതുണ്ട്, ”ഭബാനിപൂരിൽ നിന്നുള്ള തോൽവിക്ക് ശേഷം പ്രിയങ്ക പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന് ശേഷം വിജയാഘോഷങ്ങള്‍ പാടില്ല എന്ന കാര്യം ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വോട്ടണ്ണലിന് ശേഷം അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
മമത ബാനര്‍ജി 50,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണായിരുന്നു ത്രിണമൂല്‍ കോണ്‍ഗ്രസ് ക്യാംപുകളില്‍ നിന്നുള്ളവർ നേരത്തെ പറഞ്ഞിരുന്നത്. നല്ല മത്സരം കാഴ്ചവച്ചതായി ബിജെപി സ്ഥാനാര്‍ത്ഥി അവകാശപ്പെട്ടിരുന്നു. സെപ്തംബര്‍ 30-ാം തിയതിയായിരുന്നു വോട്ടെടുപ്പ്. 53.32 ശതമാനം പോളിങ്ങാണ് ഭബാനിപൂരില്‍ രേഖപ്പെടുത്തിയത്.
ഭബാനിപൂരിന് പുറമെ രണ്ട് മണ്ഡലങ്ങളില്‍ കൂടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. സംസർഗഞ്ചും ജംഗിപ്പൂരുമാണ് മറ്റ് രണ്ട് മണ്ഡലങ്ങള്‍. ജംഗിപ്പൂരില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജാക്കിർ ഹൊസൈൻ 12,000 വോട്ടുകള്‍ക്ക് മുന്നിലാണ്. സംസര്‍ഗഞ്ചില്‍ ത്രിണമൂലിന്റെ അമിറുള്‍ ഇസ്ലാമിന്റെ ലീഡ് 2000 കടന്നു.