കൊൽക്കത്ത: വെസ്റ്റ് ബംഗാൾ സംസ്ഥാന നിയമസഭയിലേക്കുളള ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. മഹേശ്‌തല്ല മണ്ഡലത്തിൽ മെയ് 28നാണ് തിരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസ് എംഎൽഎ കസ്‌തൂരി ദാസിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ മണ്ഡലത്തിൽ തങ്ങൾ സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്നും ബിജെപിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ സിപിഎമ്മിനൊപ്പം ഒറ്റക്കെട്ടായി നിൽക്കാനാണ് ആഗ്രഹമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അബ്ദുൾ മന്നാൻ പറഞ്ഞു. ഇതോടെയാണ് സിപിഎം സ്ഥാനാർത്ഥി പ്രകാശ് ചൗധരിക്ക് പിന്തുണ ഉറപ്പായത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും ഒരുമിച്ചാണ് മത്സരിച്ചത്. കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം എന്ന നിലപാട് പാർട്ടി അംഗീകരിച്ചിരുന്നില്ല. എന്നാൽ 22ാം പാർട്ടി കോൺഗ്രസിൽ കോൺഗ്രസുമായി ധാരണയാകാം എന്ന നിലപാട് അംഗീകരിക്കപ്പെട്ടിരുന്നു. നേരത്തെ കേന്ദ്രകമ്മിറ്റിയിൽ വോട്ടെടുപ്പിൽ പരാജയപ്പെട്ട തീരുമാനം പിന്നീട് പാർട്ടി കോൺഗ്രസിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും അനുകൂലിച്ചതോടെയാണ് പാസായത്.

അന്തരിച്ച കസ്‌തൂരി ദാസിന്റെ ഭർത്താവ് ദുലാൽ ദാസാണ് ഇവിടെ തൃണമൂൽ സ്ഥാനാർത്ഥി. അതേസമയം ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ