scorecardresearch

ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ കൊലയ്ക്കു പിന്നാലെ അക്രമം; എട്ടു മരണം

ഉപ ഗ്രാമപ്രധാന്‍ ഭാദു ഷെയ്ഖ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ അക്രമത്തിൽ കത്തിക്കരിഞ്ഞനിലയിലാണ് എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്

ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ കൊലയ്ക്കു പിന്നാലെ അക്രമം; എട്ടു മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ വ്യാപക തീവയ്പും ബോംബാക്രമണവും. കത്തിക്കരിഞ്ഞനിലയില്‍ എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബിര്‍ഭും ജില്ലയിലെ രാംപൂര്‍ഹട്ടിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉപ ഗ്രാമപ്രധാന്‍ ഭാദു ഷെയ്ഖ് (38) ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശത്തുനിന്ന് 11 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

റാംപൂര്‍ഹട്ട് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജിനെയും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിഐഡി വിഭാഗം എഡിജിപി ഗ്യാന്‍വന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു.

”അക്രമികള്‍ ഏഴ്-എട്ട് വീടുകള്‍ കത്തിച്ചു. പരുക്കേറ്റ മൂന്ന് പേരെ ഇന്നലെ രാത്രി രക്ഷപ്പെടുത്തി. അവരില്‍ ഒരാള്‍ ഇന്ന് മരിച്ചു. കൂടാതെ, തീ നിയന്ത്രണ വിധേയമാക്കിയതിനെത്തുടര്‍ന്ന് ഒരു വീട്ടില്‍നിന്ന് ഏഴ് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തി. ആകെ എട്ടു പേര്‍ മരിച്ചു,” പശ്ചിമ ബംഗാള്‍ ഡിജിപി മനോജ് മാളവ്യ പറഞ്ഞു.

”ഉപ ഗ്രാമപ്രധാന്റെ മരണത്തിനു പ്രതികാരമായാണോ തീവയ്പ്, അതോ മറ്റെന്തെങ്കിലും കാരണത്താലാണോയെന്ന് അന്വേഷിച്ചുവരികയാണ്. കേസുകളില്‍ ഇതുവരെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക വകുപ്പ് ചേര്‍ത്ത് എഫ്ഐആര്‍ഫയല്‍ ചെയ്തിട്ടുണ്ട്. തീവയ്പുുമായി ബന്ധപ്പെട്ട് മറ്റൊന്ന് ഉടന്‍ ഫയല്‍ ചെയ്യും,” മാളവ്യ കൂട്ടിച്ചേര്‍ത്തു.

Also Read: യുക്രൈനിൽ നിന്ന് നാടുകടത്തപ്പെട്ടു, ഇപ്പോൾ അഭയാർത്ഥിയായി ജീവിക്കാൻ പാടുപെടുന്നു; പതിനേഴുകാരന്റെ കഥ

”ഓരോ മരണവും ദൗര്‍ഭാഗ്യകരമാണ്. അത് വ്യത്യസ്ത സംഭവമാണോ അതോ മണിക്കൂറുകള്‍ക്കു മുമ്പ് കൊല്ലപ്പെട്ട നേതാവിന്റെ മരണവുമായി ബന്ധമുള്ളതാണോയെന്ന് ഇപ്പോള്‍ കണ്ടെത്താനാകില്ല. ആദ്യം സംഭവസ്ഥലം സന്ദര്‍ശിക്കട്ടെ,” മന്ത്രിയും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.

രാംപൂര്‍ഹട്ട് ബ്ലോക്ക് ഒന്നിനു കീഴിലുള്ള ബാരിഷാല്‍ ഗ്രാമപഞ്ചായത്തിലെ ഡെപ്യൂട്ടി പ്രധാനാണു കൊല്ലപ്പെട്ട ഭാദു ഷെയ്ഖ്. വൈകിട്ട് ബോഗ്തുയി ക്രോസിനു സമീപം നില്‍ക്കുമ്പോള്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായെത്തിയ നാല് അക്രമികള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷെയ്ഖിനെ രാംപൂര്‍ഹട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഈ സംഭവത്തിനു ശേഷം നിരവധി ബോംബുകള്‍ എറിയുകയും വീടുകള്‍ക്കു തീയിടുകയും ചെയ്തതായുമാണ് വൃത്തങ്ങളില്‍നിന്നുള്ള വിവരം. തിങ്കളാഴ്ച രാത്രി മൂന്ന് മൃതദേഹങ്ങളും ചൊവ്വാഴ്ച ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തതായും അവര്‍ പറഞ്ഞു.

ഷെയ്ഖിന്റെ കൊലപാതകികളെ പൊലീസ് പിടികൂടുമെന്നും സംഭവസ്ഥലത്തിനു ചുറ്റുമുള്ള സുരക്ഷാ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ടിഎംസി ബിര്‍ഭും ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ടല്‍ പറഞ്ഞു.

അതേസമയം, സംഭവത്തിനു രാഷ്ട്രീയബന്ധമില്ലെന്നു ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. ”രാംപൂര്‍ഹട്ടില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ മരണം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇതിനു രാഷ്ട്രീയബന്ധമില്ല. പ്രാദേശിക സംഘര്‍ഷമാണിത്. ഇന്നലെ ടിഎംസിയുടെ ഉപ ഗ്രാമപ്രധാന്‍ കൊല്ലപ്പെട്ടു. അദ്ദേഹം ജനപ്രിയനായിരുന്നു. ജനങ്ങള്‍ രോഷാകുലരായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം രാത്രിയിലാണ് തീവയ്പുണ്ടായത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടപടിയെടുക്കുന്നു,” ഘോഷ് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി മമത ബാനര്‍ജി ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി. ഗ്യാന്‍വന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ വീണ്ടും എസ്ഐടി രൂപീകരിക്കുമെന്നും മന്ത്രി വീണ്ടും സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മരണത്തിന്റെ ഉത്തരവാദിത്തം ആരു ഏറ്റെടുക്കുമെന്നും ചോദിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: West bengal birbhum bodies tmc pradhan death