കൊല്‍ക്കത്ത: ദിനാജ്പുര്‍ ജില്ലയിലെ സ്‌കൂളിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദിൽ വ്യാപക അക്രമം. സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. മിഡ്‌നാപുരില്‍ സര്‍ക്കാര്‍ ബസിനു നേരെ കല്ലേറുണ്ടായി.

കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല. കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാന്‍ നിരവധി പോലീസുകാരെ വിന്യസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

തുറന്നുപ്രവര്‍ത്തിക്കുന്ന കടകളെല്ലാം ബന്ദിന് പിന്തുണയ്ക്കുന്നവര്‍ എത്തി അടപ്പിക്കുകയാണ്. ബഗ്‌ദോഗ്ര, നക്‌സല്‍ബാരി മേഖലകളില്‍ നിന്നും 24 സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ പാതകള്‍ ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

ബന്ദിന് ആഹ്വാനം ചെയ്യുക വഴി ബിജെപി സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം വരുത്തുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജി കുറ്റപ്പെടുത്തി. സമരം ആര്‍ക്കെങ്കിലും മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പ്രകോപന ശ്രമങ്ങളുണ്ടായാല്‍ സ്വയം നിയന്ത്രിക്കണമെന്ന് തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ഇസ്‌ലാംപൂരിലെ ദാരിബ്ഹിത്ത് ഹൈസ്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകരാണ് മരിച്ചത്. പൊലീസ് വെടിവയ്പിലാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു. സ്‌കൂളില്‍ ഉറുദു അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook