കൊല്‍ക്കത്ത: പൊതുമുതൽ നശിപ്പിക്കുന്ന ആളുകളെ വെടിവച്ചു കൊല്ലണമെന്നും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതു ചെയ്തിട്ടുണ്ടെന്നും പറഞ്ഞ ബിജെപി ബംഗാൾ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് അടുത്ത വിവാദ പരാമർശവുമായി രംഗത്ത്. ബംഗാള്‍ രാജ്യദ്രോഹികളുടെ താവളമായി എന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്.

“ബംഗാള്‍ വളരെ മഹത്തായ സ്ഥലമായിരുന്നു. വന്ദേമാതരം, ജയ് ഹിന്ദ് പോലുള്ള മുദ്രാവാക്യങ്ങള്‍ രാജ്യത്തിനു സമ്മാനിച്ചത് ബംഗാളാണ്. എന്നാല്‍, ഇപ്പോള്‍ ഇവിടെയുള്ളവര്‍ പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുകയാണ്. ബംഗാള്‍ രാജ്യദ്രോഹികളെ കൊണ്ട് നിറഞ്ഞു. ഇത്തരക്കാര്‍ക്ക് പിന്തുണ നല്‍കുന്നത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്.” ദിലീപ് ഘോഷ് പറഞ്ഞു.

Read Also: Horoscope Today January 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബറിൽ പശ്ചിമ ബംഗാളിൽ നടന്ന പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി ലാത്തിച്ചാർജോ വെടിവയ്‌പോ നടത്താൻ ഉത്തരവിട്ടില്ലെന്ന് ദിലീപ് ഘോഷ് നേരത്തെ വിമർശനമുന്നയിച്ചിരുന്നു.

“അവർ നശിപ്പിക്കുന്ന പൊതുമുതൽ ആരുടേതാണെന്നാണ് അവരുടെ വിചാരം? അവരുടെ അച്ഛന്റേതോ? പൊതുമുതൽ നികുതിദായകരുടേതാണ്. നിങ്ങൾ ഇവിടെ വരും, ഞങ്ങളുടെ ഭക്ഷണം കഴിക്കും, ഇവിടെ താമസിച്ച് പൊതുസ്വത്ത് നശിപ്പിക്കും. ഇത് നിങ്ങളുടെ പൈതൃക സ്വത്താണോ? ഞങ്ങൾ നിങ്ങളെ ലാത്തികൊണ്ട് മർദിക്കുകയും വെടിവച്ച് ജയിലിൽ അടയ്ക്കുകയും ചെയ്യും,” ദിലീപ് ഘോഷ് പറഞ്ഞു.

“പൊതു മുതൽ നശിപ്പിച്ച ആളുകൾക്കെതിരെ ദീദി (മമത ബാനർജി) പോലീസ് നടപടിയെടുത്തില്ല. ഉത്തർപ്രദേശ്, അസം, കർണാടക എന്നിവിടങ്ങളിലെ ഞങ്ങളുടെ സർക്കാരുകൾ ഇവരെ നായ്ക്കളെപ്പോലെ വെടിവച്ചു കൊന്നിട്ടുണ്ടെ”ന്ന് ബിജെപി നേതാവ് പറഞ്ഞു. ബിജെപി സർക്കാരുകൾ ചെയ്തത് ശരിയായ കാര്യമാണെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook