വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി തനിക്ക് നേരെ നടത്തിയ വ്യക്തിപരമായ ആക്രമണത്തിന് തിരിച്ചടിയുമായി ജനസേനാ മേധാവി പവൻ കല്യാൺ. താൻ മൂന്നു തവണ വിവാഹം കഴിച്ചതുകൊണ്ട് ജഗന് എന്തു പ്രശ്നമാണുണ്ടായതെന്ന് പവൻ കല്യാൺ ചോദിച്ചു.

തന്റെ വിവാഹങ്ങൾ കാരണമാണോ ജഗൻ മോഹൻ റെഡ്ഡി ജയിലിൽ കിടന്നതെന്നും പവൻ കല്യാൺ ചോദിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ജഗൻ മോഹൻ റെഡ്ഡി ജയിലിൽ കിടന്നതിനെക്കുറിച്ചായിരുന്നു പവൻ കല്യാണിന്റെ ഒളിയമ്പ്.

സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കാനുള്ള ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനത്തെ നിരവധി പേർ വിമർശിച്ചിരുന്നു. പവൻ കല്യാണും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ പവൻ കല്യാണിന്റെ മൂന്ന് വിവാഹങ്ങളെക്കുറിച്ച് പരാമർശിച്ചു കൊണ്ടായിരുന്നു വിമർശനത്തിന് ജഗൻ മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് പവൻ കല്യാൺ ജഗനെതിരെ രംഗത്തെത്തിയത്.

തിങ്കളാഴ്ച നടന്ന ദേശീയ വിദ്യാഭ്യാസ ദിനാഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ടിഡിപി പ്രസിഡന്റ് എൻ.ചന്ദ്രബാബു നായിഡു, പവൻ കല്യാൺ എന്നിവർക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ജഗൻ മോഹൻ റെഡ്ഡി നടത്തിയത്.

സർക്കാർ സ്കൂളുകളെ ഇംഗ്ലീഷ് മീഡിയമാക്കാനുള്ള പ്രഖ്യാപനത്തിനെതിരെ ഈ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. എന്നാൽ ഇവരുടെയെല്ലാം മക്കൾ പഠിച്ചത് എത്തരം സ്കൂളുകളിലാണെന്ന് അറിയാൻ താത്പര്യമുണ്ടെന്നായിരുന്നു ജഗൻ തിരിച്ചടിച്ചത്.

“സർ, നടൻ പവൻ കല്യാൺ ഗാരു, നിങ്ങൾക്ക് മൂന്ന് ഭാര്യമാരും നാല് കുട്ടികളുമുണ്ട്. എന്നാല്‍ അവര്‍ ഏത് മീഡിയത്തിലാണ് പഠിച്ചത്,” എന്നായിരുന്നു ജഗൻ മോഹൻ റെഡ്ഡി ചോദിച്ചത്.

സർക്കാരിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ജഗൻ റെഡ്ഡി വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണെന്ന് പവൻ കല്യാൺ പറഞ്ഞു.

“ഞാൻ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചുവെന്ന് നിങ്ങൾ ആവർത്തിച്ചു പറയുന്നു. എന്റെ വിവാഹങ്ങളിൽ നിങ്ങൾക്ക് എന്ത് പ്രശ്‌നമാണുള്ളത്. എന്റെ വിവാഹം കാരണമാണോ നിങ്ങൾ രണ്ടുവർഷം ജയിലിൽ കിടന്നത്,” അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചു.

അധ്യാപകര്‍ക്ക് പരിശീലനം നല്‍കാതെ എങ്ങനെയാണ് ഇംഗ്ലീഷ് മീഡിയം പദ്ധതി നടപ്പാക്കുന്നതെന്ന് തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും പവന്‍ കല്യാണ്‍ ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook