ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തിൽ ഇന്ത്യ തങ്ങളെ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് ട്രംപിന്റെ വിമർശനം.

ഇന്ത്യയുമായി വലിയൊരു വ്യാപാര ബന്ധത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അത് നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി നടക്കുമോ എന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു. ജോയിന്റ് ബേസ് ആൻഡ്രൂസില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്‍റെ പ്രതികരണം.

Read More: കൊറോണ വൈറസ്: മരണം 2000 കടന്നു, ഇന്നലെ മാത്രം മരിച്ചത് 132 പേർ

“ഇന്ത്യയുമായി ഞങ്ങൾക്ക് വ്യാപാര ഇടപാട് നടത്താനാകും. എന്നാൽ വലിയ വ്യാപാര ബന്ധം ഞാൻ പിന്നത്തേയ്ക്ക് മാറ്റിവയ്ക്കുന്നു. ഞങ്ങൾ ഇന്ത്യയുമായി വളരെ വലിയ വ്യാപാര ഇടപാടാണ് നടത്തുന്നത്. അത് സംഭവിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങൾക്ക് ഇന്ത്യയുമായി വളരെ വലിയ ബന്ധമുണ്ട്,”അദ്ദേഹം പറഞ്ഞു. ഒരു പ്രധാന ഉഭയകക്ഷി വ്യാപാര ഇടപാട് ഇത്തവണ ഉണ്ടാകണമെന്നില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.

എന്നാൽ യുഎസും ഇന്ത്യയും തമ്മിൽ വലിയൊരു വ്യാപാര കരാറിൽ ഒപ്പിടുമെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തിൽ പ്രകടമായ അതൃപ്തി പ്രകടിപ്പിച്ച ട്രംപ് പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. അതേസമയം ഇന്ത്യ തങ്ങളെ വേണ്ട വിധം പരിഗണിക്കുന്നില്ലെന്നും പ്രധാനമന്ത്രി മോദിയെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.

“വിമാനത്താവളത്തിനും പരിപാടി നടത്തുന്ന സ്റ്റേഡിയത്തിനും ഇടയിൽ ഞങ്ങൾക്കൊപ്പം എഴുപത് ലക്ഷം ആളുകളുണ്ടാകുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. സ്റ്റേഡിയം പണി നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായിരിക്കും. അതിനാൽ തന്നെ ഇത് വളരെ ആവേശകരമായിരിക്കും. നിങ്ങൾ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന യുഎസ് ട്രേഡ് പ്രതിനിധി റോബർട്ട് ലൈറ്റ്ഹൈസർ പ്രസിഡന്റ് ട്രംപിനൊപ്പം ഇന്ത്യയിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook