ട്രോളന്മാർ ഏറെ ആഘോഷിച്ചതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിമാലയൻ ജീവിതം. ഇതിന് പിന്നാലെയാണ് താൻ എല്ലാവർഷവും ഏകന്തവനവാസത്തിനും പോയിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ വാദം വാർത്തകളിൽ ഇടം നേടുന്നത്. ഹിമാലയ യാത്രയില്‍നിന്ന് ഉള്‍ക്കൊണ്ട ജീവിതപാഠങ്ങള്‍ മറക്കാതിരിക്കാന്‍ എല്ലാ വര്‍ഷവും ദീപാവലിയുടെ സമയം അഞ്ചുദിവസം വനത്തിനുള്ളിൽ ഏകാന്തതയിൽ ചെലവഴിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്. തന്റെ പതിനേഴാം വയസിൽ താൻ ഹിമാലയത്തിലായിരുന്നെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി പറഞ്ഞത്. അവിടെ നിന്ന് മടങ്ങി വന്നതിന് ശേഷമുള്ള കാര്യങ്ങളാണ് മൂന്നാം ഭാഗത്തിൽ പ്രധാനമന്ത്രി പറയുന്നത്.

“ഹിമാലയ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയപ്പോൾ മറ്റുള്ളവരെ സേവിക്കുന്നതിന് വേണ്ടിയാണ് എന്റെ ജീവിതം സമര്‍പ്പിക്കേണ്ടതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഹിമാലയത്തിൽ നിന്നു തിരിച്ചുവന്നു കുറച്ചുകാലത്തിന് ശേഷം അഹമ്മദാബാദിലേക്ക് പോയി. ആദ്യമായാണ് ഒരു വലിയ നഗരത്തില്‍ ജീവിക്കുന്നത്. അവിടുത്തെ ജീവിതം തികച്ചും വ്യത്യസ്തമായിരുന്നു. അമ്മാവന്റെ കാന്റീനില്‍ അദ്ദേഹത്തെ സഹായിച്ചു കൊണ്ടായിരുന്നു അവിടുത്തെ ജീവിതം ആരംഭിച്ചത്,” മോദി പറയുന്നു.

പിന്നീട് ആർ.എസ്എസിന്റെ മുഴുവന്‍ സമയ പ്രചാരകനായി മാറി. വ്യത്യസ്ത ജീവിതധാരയില്‍ നിന്നുള്ളവരുമായി സമ്പർക്കം പുലർത്താനും വ്യത്യസ്ത ജോലികള്‍ ചെയ്യാനും അവിടെ തനിക്ക് അവസരം ലഭിച്ചു. ഊഴമനുസരിച്ച് ഞങ്ങളെല്ലാവരും ആര്‍ എസ് എസിന്റെ ഓഫീസ് വൃത്തിയാക്കുകയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി ചായയും ഭക്ഷണവുമുണ്ടാക്കുകയും പാത്രങ്ങള്‍ കഴുകുകയും ചെയ്യുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

“തിരക്കേറിയ ജീവിതത്തിനിടയിലും ഹിമാലയ ജീവിതം നല്‍കിയ മനശ്ശാന്തിയെ നഷ്ടമാകാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എല്ലാവര്‍ഷവും കുറച്ചുസമയം ആത്മപരിശോധനയ്ക്കായി മാറ്റിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ജീവിതത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്, എല്ലാ വർഷവും ദീപാവലിയുടെ സമയത്ത് അഞ്ചുദിവസം താന്‍ കാട്ടിനുള്ളിലേക്ക് പോകുമായിരുന്നു. ആരുമില്ലാത്ത ശുദ്ധമായ ജലം ലഭിക്കുന്ന ഒരിടം കണ്ടെത്തി അവിടെ തങ്ങും,” മോദി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ