ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍നിന്നു ഡല്ഹിയിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചുവെന്ന് ആരോപണ വിധേയനായ ശങ്കര്‍ മിശ്രയെ പുറത്താക്കിയതായി യുഎസ് ഫിനാന്‍ഷ്യല്‍ സര്‍വിസ് കമ്പനിയായ വെല്‍സ് ഫാര്‍ഗോ.
”ഈ വ്യക്തിയെ വെല്‍ ഫാര്ഗോയില്നിന്ന് പിരിച്ചുവിട്ടു,” സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു. പ്രൊഫഷണലും വ്യക്തിപരവുമായ പെരുമാറ്റത്തിന്റെ ഉയര്‍ന്ന നിലവാരത്തിലാണു തങ്ങളുടെ ജീവനക്കാരെ നിലനിര്‍ത്തുന്നതെന്നും ‘ഈ ആരോപണങ്ങള്‍ ആഴത്തില്‍ അസ്വസ്ഥമാക്കുന്നതായി തങ്ങള്‍ കാണുന്നുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
”ഞങ്ങള്‍ നിയമപാലകരുമായി സഹകരിക്കുന്നു. ഏതെങ്കിലും അധിക അന്വേഷണത്തിന് നിര്‍ദേശിക്കാന്‍ അവരോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു,”കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

ന്യൂയോര്‍ക്കില്‍നിന്നു ഡല്ഹിയിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നവംബര്‍ 26 നായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന് സഹായാത്രികയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. സംഭവം കൈാര്യം ചെയ്യുന്നതില്‍ വിമാനജീവനക്കാര്‍ക്കു വീഴ്ച പറ്റിയതായി ആരോപണമുയര്‍ന്നിരുന്നു.
പിന്നാലെ എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനത്തിലും സമാനസംഭവം നടന്നിരുന്നു. പാരീസ്-ന്യൂഡല്‍ഹി വിമാനത്തില്‍ മദ്യപിച്ച യാത്രക്കാരന് യാത്രക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഡിസംബര്‍ ആറിനു നടന്ന സംഭവത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയോട് ഡി ജി സി എ റിപ്പോര്‍ട്ട് തേടിയിരുന്നു.
അതിനിടെ, വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ മറ്റെല്ലാ സാധ്യതകളും അവസാനിക്കുകയാണെങ്കില്‍ ‘നിയന്ത്രണ ഉപകരണങ്ങള്‍’ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) വിമാനക്കമ്പനികളുടെ ഓപ്പറേഷന് മേധാവികള്‍ക്കു നിര്‍ദേശം നല്കി.