ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടര്‍ട്ടെയെ വെല്ലുവിളിച്ച് ലഹരിമരുന്ന് ഉപയോഗിച്ച് വീഡിയോ പ്രചരിപ്പിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് പേരില്‍ ആറ് പേരാണ് മലാബണ്‍ സിറ്റി പൊലീസില്‍ കീഴടങ്ങിയത്. കഞ്ചാവ് ഉപയോഗിക്കുന്ന വീഡിയോ വൈറലായി മാറിയതോടെയാണ് പൊലീസ് ഇവരെ പിടികൂടാനുളള നടപടി വേഗത്തിലാക്കിയത്. പ്രസിഡന്റിനെ കളിയാക്കിയാണ് യുവാക്കള്‍ വീഡിയോ തയ്യാറാക്കിയത്. ഫിലിപ്പീന്‍സില്‍ ലഹരി ഇടപാടിനെതിരെ കര്‍ശനമായ നിയമമാണ് നിലവിലുളളത്.

വീഡിയോ ശ്രദ്ധയില്‍ പെട്ട ഡ്യുട്ടര്‍ട്ടെയുടെ ഓഫീസ് യുവാക്കളെ കൊണ്ട് കഞ്ചാവ് തീറ്റിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഉടന്‍ തന്നെ പ്രസിഡന്റ് പൊലീസിന് നടപടിക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷമാണ് ഈ വീഡിയോ പ്രചരിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തതെന്ന് ജിഎംഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിടിയിലായവരില്‍ ഒരാള്‍ വെറും 16 വയസ് മാത്രം പ്രായമുളളയാളാണ്. തങ്ങളുടെ പ്രവൃത്തിയില്‍ മാപ്പ് പറയുന്നതായി അറസ്റ്റിന് ശേഷം യുവാക്കള്‍ പറഞ്ഞു. പ്രസിഡന്റിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് തങ്ങള്‍ എതിരല്ലെന്നും ക്ഷമിക്കണമെന്നും ഇവര്‍ വ്യക്തമാക്കി.

മയക്കുമരുന്നിനും അഴിമതിക്കും എതിരാണ് തന്റെ പോരാട്ടമെന്ന് ഡ്യുട്ടര്‍ട്ടെ നേരത്തേ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയിരക്കണക്കിന് പേരെയാണ്ണ് മയക്കുമരുന്ന് സംഘമാണെന്ന് വ്യക്തമാക്കി പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരെയും, സാധാരണക്കാരെയും വരെ പോലീസ് ഒരു ദയയുമില്ലാതെ വെടിവച്ചു കൊലപ്പെടുത്തിയിട്ടുണ്ട്.

ലഹരി കടത്തുന്നുവെന്ന് സംശയിക്കുന്ന എല്ലാവരേയും വെടിവച്ചു കൊല്ലുന്ന കിരാതനമായ നടപടിയാണ് ഫിലിപ്പീന്‍സില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഡ്യൂട്ടേര്‍ട്ടിന്റെ പ്രത്യേക ഉത്തരവിന്റെ ബലത്തില്‍ എത്തുന്ന പോലീസ് സംഘമാണ് പദ്ധതി നടപ്പിലാക്കുന്നത്. രാത്രി കാലങ്ങളില്‍ തെരുവിലൂടെ നടക്കുന്നവരെ ബൈക്കില്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തുന്നത് പതിവ് സംഭവായതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിട്ടുണ്ട്.

നിയമ സംവിധാനങ്ങള്‍ക്ക് വിട്ടു നല്‍കാതെ, കുറ്റവാളികളെ തല്‍സമയം കൊലപ്പെടുത്തുന്നതിനുള്ള പ്രത്യേക അധികാരം ഡ്യൂട്ടേര്‍ട്ട് അധികാരത്തില്‍ എത്തിയ ശേഷമാണ് നടപ്പിലാക്കിയിട്ടുള്ളത്. ‘എക്‌സ്ട്രാ ജുഡീഷ്യല്‍ കില്ലിംഗ്’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ