മുംബൈ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ അതി ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. സമീപ പ്രദേശങ്ങളായ പൽഘർ, താനെ, റായ്ഗഡ് ജില്ലകളിലും ഇന്ന് കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്.

നിലവിൽ 1954ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാലമാണ് മുംബൈയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെ നഗരത്തിൽ മഴ 3,467.6 മില്ലിമീറ്ററായിരുന്നു. 1954 ലെ റെക്കോഡിനെ മറികടന്ന് 3,451.6 മില്ലിമീറ്റർ ശരാശരി സീസണൽ മഴ രേഖപ്പെടുത്തി.

മുംബൈയിലെയും മറ്റ് അയൽ ജില്ലകളിലെയും സ്കൂളുകൾക്കും ജൂനിയർ കോളേജുകൾക്കും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ആളുകൾ പുറത്തിറങ്ങരുതെന്ന് മുംബൈ പൊലീസും അറിയിപ്പ് നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ പ്രാദേശികാടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി അഷിഷ് ഷെലാര്‍ ട്വിറ്ററിൽ കുറിച്ചു.

അതേസമയം ചെന്നൈയിലും തമിഴ് നാടിന്റെ മറ്റ് ഭാഗങ്ങളിലും ബുധനാഴ്ചയും വ്യാഴാഴ്ചയും കനത്ത മഴയാണ് ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook