ന്യൂഡൽഹി: ദിവസങ്ങളായി തുടരുന്ന പൊടിക്കാറ്റും ഇടിമിന്നലും വീണ്ടും ശക്തിപ്രാപിച്ചതോടെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പ്രവർത്തനം താളം തെറ്റി. നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, കനത്ത കാറ്റിലും മഴയിലും ഉത്തർപ്രദേശിൽ ഒൻപത് പേർ മരിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇന്ന് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലുമാണ് ഉണ്ടായത്.
ഡൽഹിയിലും രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയ്ക്കകത്തും ശക്തമായ കാറ്റ് വീശുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. 50-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്.
എന്നാൽ 70 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. കാറ്റ് ശക്തി പ്രാപിച്ചതോടെ വിമാനങ്ങളുടെ പ്രവർത്തനത്തെ ഇത് കാര്യമായി ബാധിച്ചു. ഇതോടെയാണ് ഡൽഹി രാജ്യാന്തര വിമാനത്താവളം താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചത്.
ഇതോടെ ഇന്റിഗോയും സ്‌പൈസ് ജെറ്റുമെല്ലാം യാത്രക്കാരോട് വിമാനത്തിന്റെ യാത്രാവിവരം സംബന്ധിച്ച് കാര്യങ്ങൾ ഒന്നുകൂടി സ്ഥിരീകരിക്കണമെന്ന് ആവശ്യപ്പെട്ടു.