ജയ്‌പൂര്‍: എല്ലാ തിരഞ്ഞെടുപ്പിന് മുമ്പും അഖ്‍ലാക്ക്, അവാര്‍ഡ് വാപസി പോലെയുളള വിഷയങ്ങള്‍ ഉയരാറുണ്ടെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും പാര്‍ട്ടിയെ തോല്‍പ്പിക്കാനാവില്ലെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ‘തിരഞ്ഞെടുപ്പ് ഉള്ളപ്പോഴൊക്കെ അഖ്‍ലാക്ക് വിഷയം ഉയര്‍ത്തി കാണിക്കാറുണ്ട്. ചിലപ്പോള്‍ അവാര്‍ഡ് വാപസി ആയിരിക്കും വിഷയം. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ വിഷയങ്ങള്‍ രംഗത്തെത്തും’, അമിത് ഷാ ജയ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

‘അഖ്‍ലാക്ക് സംഭവം നടന്നപ്പോള്‍ ഞങ്ങള്‍ വിജയിച്ചു. അവാര്‍ഡ് വാപ്പസി സംഭവിച്ചപ്പോഴും നമ്മള്‍ വിജയിച്ചു. ഇപ്പോഴും എന്തൊക്കെ കാണിച്ചാലും നമ്മള്‍ വിജയിക്കും. വിജയം തന്നെയാണ് നമ്മളെ കാത്തിരിക്കുന്നത്’, അമിത് ഷാ പ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷം 2015ലാണ് 50കാരനായ അഖ്‍ലാക്കിനെ ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനക്കൂട്ടം തല്ലിക്കൊന്നത്. രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചായിരുന്നു രാജ്യത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയത്.

പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരേയും അമിത് ഷാ വിമര്‍ശനം ഉന്നയിച്ചു. ‘അവര്‍ മനുഷ്യാവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അസമില്‍ പൗരത്വ പട്ടികയെ കുറിച്ച് അവര്‍ ശബ്ദം ഉയര്‍ത്തി. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഒന്നും ഇല്ലേ? രാജ്യത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയൊന്നും ഇല്ലേ? നൂറ് കണക്കിന് ഭീകരരാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറി ഭീകരാക്രമണത്തിന് ശ്രമം നടത്തുന്നത്. നിങ്ങളുടെ ഭരണത്തിലാണ് അത്തരം ആക്രമണങ്ങള്‍ നടന്നത്’, അമിത് ഷാ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ