മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപിയെ കടന്നാക്രമിച്ച് വീണ്ടും ശിവസേന. ഒരു ദിവസം ബിജെപിയെ തങ്ങള്‍ പിഴുതെറിയുമെന്ന് ശിവസേന പറഞ്ഞു. ബിജെപിയെ പിഴുതെറിയുമെന്നത് തങ്ങളുടെ പ്രഖ്യാപനമാണെന്ന് ശിവസേന മുഖപത്രമായ ‘സാംന’യില്‍ പറയുന്നു. ആരും ബിജെപിയെ പിന്തുണയ്ക്കാത്ത കാലത്ത് തങ്ങള്‍ ബിജെപിയുമായി സഹകരിച്ചിരുന്നതായും ശിവസേന പറയുന്നു.

ഇരുപക്ഷവും തമ്മില്‍ ചര്‍ച്ച നടത്താതെ തങ്ങളെ എന്‍ഡിഎയില്‍ നിന്ന് പുറത്താക്കിയ നടപടിയും സേന എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ പ്രതിപക്ഷ ബഞ്ച് നല്‍കിയ നടപടിയും ഉചിതമായില്ലെന്നും ശിവസേനയുടെ മുഖപത്രത്തില്‍ പറയുന്നു.

Read Also: ക്രീസിലെത്തിയിട്ടും റൺഔട്ടായി, ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച അപ്രതീക്ഷിത പുറത്താകൽ; വീഡിയോ

അതേസമയം, മഹാരാഷ്‌ട്രയിൽ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യസർക്കാർ അധികാരത്തിലെത്താനുള്ള സാധ്യതകൾ തെളിയുകയാണ്. കോൺഗ്രസ്  ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും തമ്മിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു.

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് എൻസിപി മേധാവി ശരദ് പവാർ തറപ്പിച്ചു പറഞ്ഞെങ്കിലും, അടുത്ത അഞ്ച് വർഷത്തേക്ക് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ മൂന്ന് കക്ഷികളുടേയും സഖ്യത്തിൽ അടുത്തമാസം ആദ്യത്തോടെ സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കാൻ ധാരണയായതായി അടുത്തവൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

എല്ലാം പദ്ധതി പ്രകാരം നടന്നാൽ സർക്കാർ രൂപീകരണത്തിൽ എൻസിപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും. അഞ്ചുവർഷത്തേക്ക് ഉദ്ദവ് മുഖ്യമന്ത്രിയാകുമെന്നും തസ്തികയിൽ റൊട്ടേഷൻ പോളിസി ഇല്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Read Also: പ്രതിപക്ഷ ബഹളം: രാജ്യസഭ രണ്ടുമണി വരെ നിർത്തിവച്ചു, എംപിമാർക്ക് സ്‌പീക്കറുടെ മുന്നറിയിപ്പ്

നേരത്തെ ഭൂരിപക്ഷം തെളിയിക്കാൻ മൂന്ന് പാർട്ടികൾക്കും സാധിക്കാതെ വന്നതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി എൻഡിഎ വിട്ട ശിവസേനയ്ക്ക് എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. ശിവസേന പോയതോടെ ബിജെപി സാധ്യതകളും അവസാനിച്ചു. ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായ എൻസിപിക്കും തിരിച്ചടിയായത് ശിവസേനയുമായുള്ള ചർച്ചകൾ തീരുമാനത്തിലെത്താത്തതായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook