ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ബി.ജെ.പിയും ആര്‍.എസ്.എസും രാമക്ഷേത്ര നിര്‍മാണവാദവുമായി രംഗത്തെത്തുമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. കര്‍ഷകരുടെ അവകാശസംരക്ഷത്തിനായി രാംലീല മൈതാനിയില്‍ നിന്ന് പാര്‍ലമന്റിലേക്ക് സംഘടിപ്പിച്ച കിസാന്‍ മുക്തി മാര്‍ച്ചില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവര്‍ക്ക് റാം..റാം…എന്നുമാത്രമേ പറയാനുള്ളു ഭരണനേട്ടമൊന്നും പറയാനില്ലെന്നും യെച്ചൂരി വിമര്‍ശിച്ചു. ബിജെപിയെ അധികാരത്തില്‍ നിന്നിറക്കുമെന്നും ബദല്‍ കൊണ്ടുവരുമെന്നും യെച്ചൂരി കര്‍ഷകരോട് പറഞ്ഞു. ബിജെപിയുടെ ബ്രഹ്മാസ്ത്രം രാം മന്ദിര്‍ ആണെന്നും എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും അവരത് ഉയര്‍ത്തി കൊണ്ടു വരുമെന്നും പറഞ്ഞ യെച്ചൂരി, ഇന്ന് പക്ഷെ പാര്‍ശ്വവത്കരിക്കപ്പെട്ടവരും തൊഴിലാളികളും കര്‍ഷകരും ഒരുമിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചു.

രാമന്റെ പേര് ബിജെപി വോട്ടിനായി ദുരുപയോഗം ചെയ്യുകയാണ്. രാമായണത്തെ കുറിച്ച് അവര്‍ പറയും പക്ഷെ മഹാഭാരതത്തെ കുറിച്ച് മറക്കും. മഹാഭാരതത്തില്‍, കൗരവര്‍ കരുതിയത് അഞ്ച് പാണ്ഡവരെങ്ങനെ തങ്ങളെ പരാജയപ്പെടുത്താന്‍ ആണെന്നാണ്. ഇന്ന്, കൗരവരുടെ പേര് ആരെങ്കിലും ഓര്‍ത്തിരിക്കുന്നുണ്ടോ? എന്നും യെച്ചൂരി പറഞ്ഞു.

അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. മോദി വിളകള്‍ക്ക് ഇന്‍ഷൂറന്‍സെന്ന പേരില്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചു.

കര്‍ഷകര്‍ ചോദിക്കുന്നത് സമ്മാനങ്ങളല്ലെന്നും അവരുടെ അവകാശങ്ങളാണെന്നും രാഹുല്‍ തുറന്നടിച്ചു. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് മാര്‍ച്ച് നടക്കുന്നത്.

”കര്‍ഷകര്‍ സൗജന്യ സമ്മാനങ്ങളല്ല ചോദിക്കുന്നത്. അവരുടെ അവകാശങ്ങളാണ്. രാജ്യത്തെ 15 പണക്കാര്‍ക്ക് വേണ്ടി 3.5 ലക്ഷം കോടി മോദിജിയ്ക്ക് എഴുതി തള്ളാമെങ്കില്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടി എന്തുകൊണ്ട് ആയിക്കൂട?” രാഹുല്‍ ചോദിച്ചു. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വേണ്ടിയല്ല പ്രതിക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ രാഹുല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന ഉറപ്പ് നല്‍കുന്നതായും കര്‍ഷകരോടായി പറഞ്ഞു.

ഇതാണ് യുവത്വത്തിന്റേയും കര്‍ഷകരുടേയും കരുത്ത്. അഞ്ച് വര്‍ഷം മുമ്പ് ഞങ്ങള്‍ പറഞ്ഞിരുന്നു, കര്‍ഷകരേയും യുവാക്കളേയും ഏതെങ്കിലും സര്‍ക്കാര്‍ അപമാനിച്ചാല്‍ അവരെ യുവാക്കളും കര്‍ഷകരും ചേര്‍ന്ന് താഴെയിറക്കുമെന്ന്. നിങ്ങള്‍ രാജ്യത്തിന് ഭക്ഷണം നല്‍കുന്നവരാണ്. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് നിങ്ങളുടെ രക്തവും വിയര്‍പ്പും രാജ്യത്തിനായി നല്‍കുന്നു. ഒരു വ്യക്തിയോ ഒരു പാര്‍ട്ടിയോ അല്ല രാജ്യം ഭരിക്കുന്നത്. സ്ത്രീകളും യുവാക്കളും കര്‍ഷകരുമാണ് രാജ്യത്തെ നയിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം ചേരണം എന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം കര്‍ഷകരാണ് ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. പൊലീസ് സര്‍വ്വ സന്നാഹങ്ങളുമായി സ്ഥലത്തുണ്ട്.

ഡല്‍ഹിയിലെ നാല് അതിര്‍ത്തികളില്‍ നിന്നായാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്. ഗുരുഗ്രാം, നിസ്സാമുദ്ദീന്‍, ആനന്ദ് വിഹാര്‍, മജ്‌നു കാ തില എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ചുകള്‍. ഇന്നലെ വൈകീട്ടോടെ രാംലീല മൈതാനിയില്‍ എത്തിയ റാലികള്‍, ഇന്ന് ഒരുമിച്ച് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് ചെയ്യും. രാംലീല മൈതാനിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ കര്‍ഷകര്‍ക്കൊപ്പം ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. ‘ഞങ്ങള്‍ക്ക് അയോധ്യ അല്ല വേണ്ടത്, കടം എഴുതി തളളുകയാണ് വേണ്ടത്’ എന്ന പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് ഇന്നലെ കര്‍ഷകരെത്തിയത്.

തമിഴ്നാട്ടില്‍ നിന്നെത്തിയ ഒരുകൂട്ടം കര്‍ഷകര്‍, തങ്ങളുടെ ആത്മഹത്യ ചെയ്ത കര്‍ഷക സുഹൃത്തുക്കളുടെ തലയോട്ടികളുമായാണ് റാലിയില്‍ പങ്കെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook