ന്യൂഡൽഹി: ബീഹാറിൽ എൻഡിഎ യുടെ ഭാഗമായി സർക്കാർ രൂപീകരിച്ച നിതീഷ് കുമാറിനെ തള്ളി കേരള ഘടകം നേതാവും രാജ്യസഭ എംപിയുമായ എംപി വീരേന്ദ്രകുമാർ. നിതീഷിന്റെ തീരുമാനം ഞെട്ടിച്ചുവെന്ന് പറഞ വീരേന്ദ്രകുമാർ, ജെഡിയു എംപി മാരോട് നിതീഷിനെതിരെ നിലപാടെടുക്കാനും ആഹ്വാനം ചെയ്തു.

“ഞങ്ങൾ ഇത് അംഗീകരിക്കുന്ന പ്രശ്നമേയില്ല. അതിന് എന്ത് വില കൊടുക്കേണ്ടി വന്നാലും ചെയ്യില്ല. വിഷയത്തിൽ ശരത് യാദവ് നിലപാട് വ്യക്തമാക്കണം. ശരത് യാദവുമായി ഇക്കാര്യം ചർച്ച ചെയ്തു. നിതീഷിന്റെ നിലപാട് അംഗീകരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടും നിലപാട് തള്ളണമെന്നും എൻഡിഎ യുടെ ഭാഗമാകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിൽ മതേതരത്വ സഖ്യത്തിന് നേതൃത്വം നൽകുമെന്ന് ഞങ്ങളെല്ലാം കരുതി. വേണ്ടിവന്നാൽ രാജ്യസഭ അംഗത്വം രാജിവെയ്ക്കും”, വീരേന്ദ്രകുമാർ വ്യക്തമാക്കി.

“നിതീഷ് കുമാർ എൻഡിഎയിൽ ചേർന്ന സാഹചര്യത്തിൽ ഭാവി തീരുമാനം ആലോചിക്കാൻ സംസ്ഥാന കൗൺസിൽ യോഗം ചേരും. എൻഡിഎ യുടെ ഹിന്ദുത്വ അജണ്ടയുമായി യോജിക്കാൻ സാധിക്കുന്നതല്ല. ജെഡിയുവിൽ ചേർന്നത് നിതീഷ് കുമാറിനെ ഒരു ദേശീയ നേതാവായി കണ്ടത് കൊണ്ടാണ്. അദ്ദേഹത്തെ ബീഹാർ മുഖ്യമന്ത്രിയായല്ല കണ്ടത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നിലപാടിൽ ഞെട്ടലുണ്ട്”, അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ