ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുമെന്നും എന്നാല്‍ അദ്ദേഹത്തോട് അനാദരവ് കാണിക്കില്ലെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദിയും ബിജെപിയും ചെയ്യുന്ന തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കും, എന്നാല്‍ പ്രധാനമന്ത്രി പദത്തോട് അനാദരവ് കാണിക്കില്ല. അതാണ് ഞങ്ങളും അവരും തമ്മിലുളള വ്യത്യാസം’, മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ബിജെപി നടത്തിയ വ്യക്തിപരമായ വിമര്‍ശനങ്ങളെ പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു രാഹുല്‍.

ഗുജറാത്തില്‍ ബിജെപിയുടെ വികസന പദ്ധതികള്‍ സംസ്ഥാനത്തെ അലങ്കോലമാക്കിയെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് ജിഎസ്ടി 18 ശതമാനമാക്കി കുറക്കുമെന്ന് രാഹുല്‍ ഗാന്ധി ഗാന്ധിനഗറില്‍ വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി സര്‍ക്കാര്‍ പല ഉല്‍പന്നങ്ങളുടേയും നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കിയത് കോണ്‍ഗ്രസിന്റേയും രാജ്യത്തെ പൗരന്‍മാരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവിലെ നികുതി തോതിലും തങ്ങള്‍ സംതൃപ്തരല്ലെന്നും ഇനിയും അമിത ജി.എസ്.ടി നിരക്കുകള്‍ക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് അഞ്ച് നികുതി നിരക്കുകളല്ല വേണ്ടത് പകരം ഒരു നികുതി നിരക്കാണെന്നും രാഹുല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായയെും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് നാലാം തവണയാണ് രാഹുല്‍ ഗുജറാത്തില്‍ എത്തുന്നത്‌

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ