ന്യൂഡൽഹി: ആർഎസ്എസും ഇന്ത്യയും ഒന്നാണെന്ന് ലോകത്തെ അറിയിക്കാനാണ് തങ്ങൾ ആഗ്രഹിച്ചതെന്നും, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആ ജോലി ഭംഗിയായി ചെയ്തുവെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ ശര്‍മ. യുഎൻ പൊതുസമ്മേളനത്തിൽ ആർഎസ്എസിനെതിരായി ഇമ്രാൻ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് കൃഷ്ണ ഗോപാൽ ശർമയുടെ പ്രതികരണം.
ആർഎസ്എസും ഇന്ത്യയും രണ്ടല്ലെന്ന് പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ഇമ്രാൻ ഖാൻ ചെയ്യുന്നതെന്നും, അദ്ദേഹം ഈ പ്രചരണം അവസാനിപ്പിക്കരുത് എന്നാണ് ഇപ്പോൾ തങ്ങളുടെ പ്രാർഥന എന്നും കൃഷ്ണ ഗോപാൽ ശർമ പറഞ്ഞു.
“ആർഎസ്എസ് ഇന്ത്യയിൽ മാത്രമാണ്. അത് ഇന്ത്യയ്ക്ക് വേണ്ടിയുമാണ്. ലോകത്ത് മറ്റെവിടേയും അതിന് ശാഖകളില്ല. എന്തിനാണ് പാക്കിസ്ഥാന് ഞങ്ങളോട് ദേഷ്യം. അവർക്ക് സംഘ് പരിവാറിനോട് ദേഷ്യമുണ്ടെങ്കിൽ അതിനർഥം, അവർക്ക് ഇന്ത്യയോട് ദേഷ്യമുണ്ട് എന്നാണ്. ആർഎസ്എസും ഇന്ത്യയും ഇപ്പോൾ പര്യായങ്ങളാണ്,” കൃഷ്ണ ഗോപാൽ ശർമ പറഞ്ഞു.
Read More: ഭീകരർക്കു പെൻഷൻ നൽകുന്ന ഏക രാജ്യം പാക്കിസ്ഥാൻ; ആഞ്ഞടിച്ച് ഇന്ത്യ
“ആർഎസ്എസിനേയും ഇന്ത്യയേയും ലോകം ഒന്നായി കാണണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിന് പ്രത്യേക അവകാശികളില്ല. നമ്മുടെ ഇമ്രാൻ സാഹിബ് ആ ജോലി ഭംഗിയായി ചെയ്തു. അതിന് ഞങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹം ഞങ്ങളുടെ നാമം പ്രചരിപ്പിക്കുന്നു,” ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേർത്തു.
തീവ്രവാദത്തെ എതിർക്കുന്നവരോ അതിന് ഇരയായവരോ, ആർഎസ്എസും അതേ പാതയിലാണ്, തങ്ങളും തീവ്രവാദത്തെ എതിർക്കുന്നവരാണ് എന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ട് എന്നും കൃഷ്ണ ഗോപാൽ ശർമ പറഞ്ഞു. അതുകൊണ്ടാണ് ഇമ്രാൻ ആർഎസ്എസിനെ ആക്രമിക്കുന്നത്.
“കൂടുതൽ ഒന്നും ചെയ്യാതെ തന്നെ ഇത് ഞങ്ങൾക്ക് വളരെയധികം പ്രശസ്തി നേടിത്തരുന്നു. അദ്ദേഹം ഇപ്പോൾ ഇത് നിർത്തരുതെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു,” ഗോപാൽ പറഞ്ഞു.