ന്യൂഡല്‍ഹി: കശ്മീര്‍ ഇന്ത്യയുടെ ഭാഗം ആകണമെന്ന് ആഗ്രഹമുളള നമ്മള്‍ക്ക് കശ്മീരികളെ വേണ്ടെന്ന നിലപാടാണെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഈയൊരു വിരോധാഭാസം ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു മുന്‍ കേന്ദ്ര ധനമന്ത്രിയുടെ വിമര്‍ശനം. കശ്മീരികള്‍ക്കെതിരെ രംഗത്ത് വന്ന മേഘാലയ ഗവര്‍ണര്‍ തഥാഗത റോയിക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

‘നിലവിലത്തെ സ്ഥിതിയുടെ വിരോധാഭാസം വളരെ ഖേദകരമാണ്. കശ്മീര്‍ ഇന്ത്യയുടെ ഭാഗം ആകണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷെ കശ്മീരികളെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്നുമില്ല,’ ചിദംബരം പറഞ്ഞു. കശ്മീരികള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് പറയുന്ന മേഘാലയ ഗവര്‍ണര്‍ അടക്കമുളളവരെ പട്ടേലിന്റെ ഏകതയുടെ പ്രതിമ നോക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കശ്മീരിലെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം, പൊതുജനങ്ങളോടുള്ള ആഹ്വാനമെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

”കശ്മീര്‍ സന്ദര്‍ശിക്കരുത്. രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോകരുത്. കശ്മീരികളുടെ കടകളില്‍ നിന്നോ കച്ചവടക്കാരില്‍ നിന്നോ ഒന്നും വാങ്ങരുത്.. എല്ലാ മഞ്ഞുകാലങ്ങളിലും അവരിവിടെ കച്ചവടത്തിന് വരുമ്പോള്‍ പ്രത്യേകിച്ചും. കശ്മീരികളുടെ എല്ലാ ഉത്പന്നങ്ങളും ബഹിഷ്കരിക്കണം.” ഗവര്‍ണര്‍ ട്വിറ്റിലൂടെ ആഹ്വാനം ചെയ്തു. ആര്‍മിയില്‍ റിട്ടയറായ ഒരു കേണലിന്റെ അഭിപ്രായമാണിത്.. താനിതിനെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു തഥാഗത റോയ് ട്വീറ്റിട്ടിരുന്നത്.

എന്നാല്‍ ഭീകരാക്രമണത്തിന്റെ പേരില്‍ രാജ്യത്തെ സാധാരണക്കാരായ കശ്മീരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്ന് ആഹ്വാനം ചെയ്ത ഗവര്‍ണര്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി ഗവര്‍ണര്‍ മറ്റൊരു ട്വീറ്റുമായി രംഗത്തെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook