Delhi Election Results 2020: ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട പരാജയത്തിൽ പ്രതികരണവുമായി പാർട്ടി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. തങ്ങൾ നന്നായി ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഡൽഹിയിലെ ജനങ്ങളെ അത് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഗംഭീർ പറഞ്ഞു. ഡൽഹിയിൽ തുടർച്ചയായ മൂന്നാം തവണയും ഭരണമുറപ്പിച്ച കേജ്രിവാളിനേയും ആം ആദ്മിയേയും അഭിനന്ദിക്കാനും ഗംഭീർ മറന്നില്ല.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഞങ്ങൾ അംഗീകരിക്കുന്നു. അരവിന്ദ് കെജ്രിവാളിനേയും ഡൽഹിയിലെ ജനങ്ങളേയും അഭിനന്ദിക്കുന്നു എന്നും ഗംഭീർ പറഞ്ഞു.
Read More: Delhi Assembly Election Result 2020: അതിശയിക്കേണ്ട, ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തും: മനോജ് തിവാരി
“ഞങ്ങൾ പരമാവധി ശ്രമിച്ചുവെങ്കിലും സംസ്ഥാനത്തെ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ഡൽഹി വികസിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” ഗംഭീർ പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കിഴക്കൻ ഡൽഹിയിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ ആതിഷി മർലീനയെ പരാജയപ്പെടുത്തിയാണ് ഗംഭീർ വിജയിച്ചത്. 70 ൽ 55 സീറ്റുകൾ നേടി തങ്ങളുടെ പാർട്ടി അധികാരത്തിൽ വരുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഗംഭീറിന്റെ പ്രതികരം വരുന്നത്.
ബിജെപി 55 സീറ്റ് നേടിയാലും അതിശയിക്കേണ്ട എന്നായിരുന്നു തിവാരി പറഞ്ഞത്. “അസ്വസ്ഥനല്ല, ഇന്നത്തെ ദിവസം ബിജെപിക്ക് സന്തോഷ ദിവസമായിരിക്കും. ഡൽഹിയിൽ ഞങ്ങൾ അധികാരത്തിലെത്താൻ പോകുന്നു” മനോജ് തിവാരിയുടെ വാക്കുകൾ.
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് എഴുപതില്‍ 63 സീറ്റിലും ആം ആദ്മി പാര്‍ട്ടി മുന്നിലാണ്. സീറ്റില്‍ മാത്രമാണ് ബിജെപിക്ക് മികച്ച ലീഡുള്ളത്.