ന്യൂഡല്‍ഹി: പ്രവാചകന് മുഹമ്മദ് നബിക്കെതിരായ ബെജെപി മുന്‍ ദേശീയ വക്താവിന്റെ പരാമര്‍ശത്തില്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ (യുഎന്‍). എല്ലാ മതങ്ങളേയും ബഹുമാനിക്കുക എന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയൊ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് വ്യക്തമാക്കി.
ബിജെപിയുടെ മുൻ ദേശീയ വക്താവ് നൂപുർ ശർമയും പാര്‍ട്ടിയുടെ ഡൽഹി മാധ്യമ മേധാവി നവീൻ കുമാർ ജിൻദാലുംലും പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങളെ മുസ്ലീം രാജ്യങ്ങൾ അപലപിച്ചതിനെ കുറിച്ച് പാകിസ്ഥാൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“ഞാൻ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടു. എന്നാല്‍ ഈ പരാമർശങ്ങൾ ഞാൻ കേട്ടിട്ടില്ല. പക്ഷേ എല്ലാ മതങ്ങളോടും ബഹുമാനം കാണിക്കുക എന്നതാണ് പറയാനുള്ളത്,” സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.
പല മുസ്ലീം രാജ്യങ്ങളിൽ നിന്നും പ്രതിഷേധമുയർന്നതോടെ പ്രവാചകനെതിരായ പരാമർശത്തില്‍ ശർമ്മയെ ബിജെപി ഞായറാഴ്ച സസ്പെൻഡ് ചെയ്യുകയും ജിൻദലിനെ പുറത്താക്കുകയും ചെയ്തു.
മുസ്ലീം ഗ്രൂപ്പുകളുടെ പ്രതിഷേധവും കുവൈറ്റ്, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രൂക്ഷമായ വിമര്‍ശനത്തിനുമിടയില്‍, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മത വ്യക്തിത്വത്തെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി പ്രസ്താവനയിറക്കിയിരുന്നു.
നയതന്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ശ്രമിക്കുകയാണെന്ന് ഖത്തറിലെയും കുവൈത്തിലെയും ഇന്ത്യൻ എംബസി വക്താക്കൾ അറിയിച്ചു. പരാമര്‍ശങ്ങള്‍ ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അംബാസഡർമാർ വ്യക്തമാക്കി.
Also Read: പ്രവാചക വിരുദ്ധ പരാമർശം: നൂപുർ ശർമയ്ക്ക് ഡൽഹി പൊലീസിന്റെ സുരക്ഷ; മുംബൈ പൊലീസിന്റെ നോട്ടീസ്