ന്യൂഡല്‍ഹി: സൈന്യം രാഷ്ട്രീയത്തില്‍നിന്ന് വളരെ അകലെയാണെന്നു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത്. സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര, വ്യോമ, നാവിക സേനകള്‍ തമ്മിലുള്ള സംയോജനവും സമന്വയവും വര്‍ധിപ്പിക്കുകയെന്നതാണു തന്റെ പ്രാഥമിക ദൗത്യമെന്നു സിഡിഎസായി ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമങ്ങേളാട് പറഞ്ഞു.

“മൂന്ന് സേനകളും ഒരു ടീമായി പ്രവര്‍ത്തിക്കും. എന്നാല്‍ സിഡിസ് അവയെ പ്രവര്‍ത്തിപ്പിക്കുന്നത് പോലെയല്ല ഇത്. സംയോജനമാണ് മുന്‍ഗണന. ഞങ്ങള്‍ കൂടുതല്‍ സംയോജനവും സമന്വയവും ആര്‍ജിക്കേണ്ടതുണ്ട്. അതാണു ദൗത്യം. ചുമതല. 1 + 1 + 1 മൂന്നായി മാറരുത്. അത് അഞ്ചോ ആറോ ആയി മാറണം. ഇത് മൊത്തത്തിന്റെ ആകെത്തുകയായിരിക്കണം. ഇതു മൊത്തത്തിലുള്ള ആകെത്തുകയേക്കാള്‍ കൂടുതലായിരിക്കണം,” ബിപിന്‍ റാവത്ത് പറഞ്ഞു.

താന്‍ രാഷ്ട്രീയച്ചായ്‌വുള്ള ആളാണെന്ന പ്രതിപക്ഷ ആരോപണത്തില്‍ ജനറല്‍ റാവത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഞങ്ങള്‍ രാഷ്ട്രീയത്തില്‍നിന്ന് വളരെ അകന്നു നില്‍ക്കുന്നു, വളരെ ദൂരെയാണ്. അധികാരത്തിലുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഞങ്ങള്‍ പ്രവര്‍ത്തിക്കും”.

Read Also: ഇത് കേശുവാണ്! ഞെട്ടിക്കുന്ന ലുക്കില്‍ ദിലീപ്

“ധരിച്ചിരുന്ന ഗൂര്‍ഖ തൊപ്പി അഴിച്ചതിനാല്‍ എന്റെ തലയ്ക്കു ഭാരം കുറഞ്ഞതായി തോന്നുന്നു. ഇതിനു മുന്‍പ് ഇതു ധരിച്ചത് (അദ്ദേഹത്തിന്റെ പുതിയ വസ്ത്രധാരണം) അക്കാദമിയില്‍നിന്നു പുറത്തേക്കു പോയപ്പോഴായിരുന്നു,” സിഡിഎസായി ചുമതലയേല്‍ക്കുമ്പോള്‍ എന്തുതോന്നുന്നുവെന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ചുമതലയേല്‍ക്കുന്നതിനു മുമ്പ് ജനറല്‍ ബിപിന്‍ റാവത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ചു.

പാകിസ്താന്‍, ചൈന അതിര്‍ത്തിയിലെ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം കൂടുതല്‍ സൈജ്ജമാണെന്നു ബിപിന്‍ റാവത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.”അതെ, അവര്‍ നന്നായി തയാറാണ്. ഞാന്‍ കരസേനാ മേധാവിയായിരുന്ന മൂന്നു വര്‍ഷം എന്നെ പിന്തുണച്ച എല്ലാ സൈനികര്‍ക്കും നന്ദി പറയുന്നു,” അദ്ദേഹത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ പിന്‍ഗാമിയായ ലഫ്റ്റനന്റ് ജനറല്‍ മനോജ് നരവാനെയ്ക്ക് ആശംസകള്‍ അറിയിച്ച ജനറല്‍ ബിപിന്‍ റാവത്ത് പുതിയ മേധാവിയുടെ കീഴില്‍ കരസേന കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1.3 ദശലക്ഷം വരുന്ന കരുത്തുറ്റ സേനയുടെ നയിച്ച മൂന്നു വര്‍ഷം തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയ സൈനിക ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook