ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരിച്ച് ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ജനവിധി മാനിക്കുമെന്നും അത് അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഭരിക്കാന്‍ അവസരം നല്കിയ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും ഷാ പറഞ്ഞു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇനിയും നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: മലയാളികളെ പേടിപ്പിച്ച ‘വില്ലന്‍’; കീരിക്കാടന്‍ ജോസുമായി ബന്ധപ്പെട്ട വാർത്തകളിലെ വസ്തുത
ജാര്‍ഖണ്ഡില്‍ വിജയം നേടിയ മഹാസഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിന് നന്ദി പറയുന്നതായും ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച മഹാസഖ്യത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മോദി പറഞ്ഞു. തുടര്‍ന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും മോദി വ്യക്തമാക്കി.
ജാർഖണ്ഡിൽ വലിയ തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. 81 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെഎംഎം-ജെഡിയു മഹാസഖ്യത്തിന് കേവല ഭൂരിപക്ഷം സ്വന്തമാക്കാൻ സാധിച്ചു. നിലവിൽ ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്ക് ഇതോടെ അധികാരം നഷ്ടമായി. മഹാസഖ്യം 47 സീറ്റുകൾ നേടി. ബിജെപിക്ക് നേടാൻ സാധിച്ചത് 25 സീറ്റുകൾ മാത്രം.
Read Also: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു നേരെ ആക്രമണം
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വര്‍ക്കിങ് പ്രസിഡന്റ് ഹേമന്ത് സോറന് മുഖ്യമന്ത്രിയാകാനാണ് സാധ്യത. ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കാന്‍ മഹാസഖ്യത്തിനുള്ളില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. ജെഡിയു നേതാവ് തേജസ്വി യാദവ് ഹേമന്ത് സോറനെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ധുമക മണ്ഡലത്തില്‍ നിന്നാണ് ഹേമന്ത് സോറന് ജനവിധി തേടിയിരിക്കുന്നത്.