വാരണാസി: ഉത്തര്‍പ്രദേശ് നിയസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. നിരവധി അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനവും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായുളള ചര്‍ച്ചകള്‍ക്കുമായിട്ടാണ് പ്രധാനമന്ത്രി എത്തിയത്. ബിജെപി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

ബാദാ ലാല്‍പൂരില്‍ കരകൗശല വസ്തു വില്‍പന കേന്ദ്രമായ ദീന്‍ധയാല്‍ ഹസ്ത്കല സങ്കുലിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. 274 കോടി രൂപ ചെലവിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം വികസനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ സർക്കാർ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

“ഇന്ന് നമ്മുടെ രാജ്യം വളരെ വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുകയാണ്. ഈ വികസനം പാവപ്പെട്ടവരെയും മദ്ധ്യവർഗത്തെയും കൂടി ഉൾപ്പെടുത്തിയിട്ടുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാക്തികരണം ലക്ഷ്യമിട്ടാണ് സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. തറക്കല്ല് ഇടുക മാത്രമല്ല പദ്ധതികളുടെ ഉദ്ഘാടനം കൂടി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“മുൻ സർക്കാരുകൾ വികസനത്തിന് എതിരായിരുന്നു. തിരഞ്ഞെടുപ്പുകൾ വിജയിക്കാൻ അവർ പൊതുപണം ഉപയോഗിച്ചു. ദാരിദ്രത്തിന്റെ പൈതൃകത്തെ തങ്ങളുടെ കുട്ടികളിലേക്ക് കൈമാറാൻ ആരും ആഗ്രഹിക്കുന്നില്ല. ജനങ്ങളെ അവരുടെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാൻ സഹായിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത് “,പ്രധാനമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook