ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അരവിന്ദ് കേജ്‌രിവാൾ. തങ്ങൾക്ക് തെറ്റ് പറ്റിയെന്നും പ്രവർത്തന മികവിലേക്ക് തിരിഞ്ഞ് നോക്കാൻ സമയമായെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

ആത്മപരിശോധന നടത്തി പാർട്ടിയും സർക്കാരും മുന്നോട്ട് പോകുമെന്നും കേജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു. ഇനിയങ്ങോട്ടുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഓരോ പ്രവർത്തകനും തയാറാകണമെന്നും അദ്ദേഹം പറയുന്നു. ജനങ്ങൾ അർഹിക്കുന്നത് അവർക്ക് നൽകേണ്ടതുണ്ട് . അതിൽ ഒരു കുറവും വരുത്തരുതെന്നും കേജ്‌രിവാൾ പറയുന്നു.

ഡല്‍ഹി മുൻസിപ്പൽ കോര്‍പ്പറേഷനുകളിലെ 181 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 വാര്‍ഡുകള്‍ മാത്രമേ എഎപിക്ക് ലഭിച്ചിരുന്നുള്ളൂ. അതോടെ ചൂൽ വിപ്ലവത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത്. ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കു വിജയിച്ച 48 എഎപി പ്രതിനിധികളുടെ യോഗം കഴിഞ്ഞ ദിവസം കേജ്‌രിവാൾ വിളിച്ചുചേർത്തിരുന്നു. തന്റെ പാർട്ടിയെ വഞ്ചിക്കില്ലെന്ന് ദൈവം സാക്ഷിയാക്കി ഇവരെക്കൊണ്ട് കേജ്‌രിവാൾ സത്യം ചെയ്യിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ