അഹമ്മദാബാദ്: അഹമ്മദാബാദ്: കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു ഇന്ത്യക്കാരനും നാണക്കേടുണ്ടാക്കുന്ന ഒരു പ്രവൃത്തിയും താൻ ചെയ്തിട്ടില്ലെന്നും മറ്റുള്ളവരെ അതിന് അനുവദിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയും സർദാർ പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. ദരിദ്രരേയും തൊഴിലില്ലാത്തവരെയും പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കുക എന്നതാമ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടച്ചേര്‍ത്തു. രാജ്‌കോട്ടിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സർക്കാർ അധികാരത്തിലെത്തിയിട്ട് മേയ് 26 ന് എട്ട് വർഷമായെന്ന് ഓർമിപ്പിച്ച മോദി, തന്നെ ഏറ്റവും നല്ല മൂല്യങ്ങൾ പഠിപ്പിച്ച് ഡൽഹിയിലേക്ക് അയച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ സമയത്ത് കേന്ദ്രം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നും മോദി വിശദമാക്കി. “കോവിഡിന്റെ തുടക്കത്തില്‍ രാജ്യത്ത് ഭക്ഷണത്തിനായി നിരവധി പേര്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് മുന്നിലേക്ക് കേന്ദ്രം ഒരു കലവറ തന്നെ തുറന്നു നല്‍കി, മോദി പറഞ്ഞു.
സംസ്ഥാനത്തിന്റെ സംസ്‌കാരവും മൂല്യങ്ങളും തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും രാജ്യത്തെ സേവിക്കാൻ അവ എങ്ങനെയൊക്കെ പ്രേരിപ്പിച്ചെന്നും മോദി വിവരിച്ചു. “ഇവിടെ നിന്ന് എനിക്ക് ലഭിച്ച മൂല്യങ്ങളും വിദ്യാഭ്യാസവുമാണ് എന്നെ നയിക്കുന്നത്. സമൂഹത്തിന് വേണ്ടി എങ്ങനെ ജീവിക്കണമെന്ന് ഗുജറാത്തിലെ ജനങ്ങൾ എന്നെ പഠിപ്പിച്ചു,” അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ രാജ്‌കോട്ടിലെത്തിയ പ്രധാനമന്ത്രി മോദി, അറ്റ്‌കോട്ടിൽ പുതുതായി നിർമ്മിച്ച മാതുശ്രീ കെ ഡി പി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്തു. വിവിധ സഹകരണ സ്ഥാപനങ്ങളുടെ നേതാക്കളുടെ സെമിനാറിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നും നാനോ യൂറിയ പ്ലാന്റ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
“ജനങ്ങളുടെ പ്രയത്‌നങ്ങൾ സർക്കാരിന്റെ ശ്രമങ്ങളുമായി ഒത്തു ചേരുമ്പോള്‍, സേവനം ചെയ്യാനുള്ള നമ്മുടെ ശക്തി വർദ്ധിക്കുന്നു. രാജ്‌കോട്ടിലെ ഈ ആധുനിക ആശുപത്രി (കെഡിപി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ) ഇതിന് ഒരു പ്രധാന ഉദാഹരണമാണ്, ” ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ അത്കോട്ടിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
Also Read: ഒഴിവാക്കാൻ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാവുമെന്ന് ഇന്ദ്രൻസ്; യാതൊരുവിധ അജന്‍ഡയുമില്ലെന്ന് രഞ്ജിത്