ലക്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. സിആര്‍പിഎഫ് ജവാനായിരുന്ന അമിത് കുമാര്‍ കോറിയുടെ വീട്ടിലാണ് കോണ്‍ഗ്രസ് നേതാക്കളെത്തിയത്.

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാണ് രാഹുലും പ്രിയങ്കയും സൈനികന്റെ വീട്ടിലെത്തിയത്. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലിയാണ് കൊല്ലപ്പെട്ട സൈനികന്റെ വീട്. സമീപത്തുള്ള ക്ഷേത്രത്തില്‍ പ്രത്യേക പൂജയും സംഘടിപ്പിച്ചിരുന്നു. ഇതിലും ഇരുവരും പങ്കെടുത്തു. ബിജെപി മന്ത്രി സുരേഷ് റാണയും പൂജയില്‍ പങ്കെടുത്തു.

ധീര ജവാന്റെ കുടുംബാംഗങ്ങളെ രാഹുലും പ്രിയങ്കയും ആശ്വസിപ്പിച്ചു. വീട്ടിലെ സ്ത്രീകളുമായി സംസാരിച്ച പ്രിയങ്ക അവരുടെ ഫോണ്‍ നമ്പറും വാങ്ങി. അമിത് രാജ്യത്തിന്റെ അഭിമാനമാണെന്ന് രാഹുല്‍ പറഞ്ഞു. ‘അമിത് കോറി അമര്‍ രഹേ’ മുദ്രാവാക്യങ്ങള്‍ക്കിടെയായിരുന്നു ഇരുവരുടേയും സന്ദര്‍ശനം.

”എന്റെ സഹോദരി പറഞ്ഞു, ഇത് തന്നെയായിരുന്നു ഞങ്ങളുടെ അച്ഛന്റേയും വിധിയെന്ന്. നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് മനസിലാകും. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. കോറിയുടെ അച്ഛന്‍ പറഞ്ഞത് അദ്ദേഹം മകനെയോര്‍ത്ത് ഒരേസമയം വേദനിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നു എന്നാണ്. ഈ കുടുംബം അവരുടെ ജീവിതം മുഴുവന്‍ മകന് വേണ്ടിയാണ് സമര്‍പ്പിച്ചത്. മകന്‍ തന്റെ ജീവന്‍ രാജ്യത്തിനും നല്‍കി. രാജ്യം മൊത്തം നിങ്ങളോട് നന്ദി പറയുന്നു. നിങ്ങളുടെ മകനെ രാജ്യം ഒരിക്കലും മറക്കില്ല” കോറിയുടെ കുടുംബത്തോടായി രാഹുല്‍ പറഞ്ഞു.

”ഞങ്ങളുടെ അച്ഛനും ഏതാണ്ട് ഇതേ വിധിയായിരുന്നു. നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് മനസിലാകും. ഞങ്ങള്‍ ഇവിടെ വന്നത് നിങ്ങള്‍ക്കൊപ്പം അഞ്ചു മിനുറ്റ് ഇരിക്കാനും നിങ്ങളുടെ ദുഖം ഞങ്ങളും പങ്കു ചേരുന്നു എന്ന് അറിയിക്കാനുമാണ്” ഒരു ശക്തിക്കും ഇന്ത്യയെ തകര്‍ക്കാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കോറിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയ രാഹുലും പ്രിയങ്കയും കൊല്ലപ്പെട്ട മറ്റൊരു ജവാനായ പ്രദീപ് കുമാറിന്റെ വീട്ടിലും സന്ദര്‍ശനം നടത്തി. ഇതിനിടെ റോഡരികില്‍ നിര്‍ത്തി സംഘം ചായക്കടയില്‍ കയറി ചായകുടിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലാവുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook