ജോഷിമഠ്: പുതുവര്‍ഷത്തിലെ മൂന്നാം ദിവസം പുലര്‍ച്ചെ നാല് മണിക്കായിരുന്നു 65-കാരനായ മോഹന്‍ സിങ് ഷായെ അദ്ദേഹത്തിന്റെ വീടിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ വിളിച്ച് എണീപ്പിച്ചത്. തന്റെ മുറിയുടെ ഭിത്തിയില്‍ വിള്ളല്‍ സംഭവിച്ചെന്നായിരുന്നു പരാതി.
തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന മറ്റൊരു വാടകക്കാരനും സമാന പരാതി ഉന്നയിച്ചു. അടുത്ത ദിവസം തന്നെ രണ്ട് പേരും മുറി ഒഴിഞ്ഞു. ഒരാള്‍ ഡെറാഡൂണിലേക്കും മറ്റൊരാള്‍ ഋഷികേശിലേക്കുമായിരുന്നു പോയത്.
അഞ്ച് ദിവസത്തിന് ശേഷം വിള്ളലുകള്‍ മറ്റ് വീടുകളിലും റോഡിലും പ്രത്യക്ഷപ്പെട്ടതോടെ ഉത്തരാഖണ്ഡിെലെ ജോഷിമഠ് ഭീതിയുടെ നിഴലിലായി. എങ്ങനെ പ്രദേശത്ത് തുടര്‍ന്ന് ജീവിക്കുമെന്ന ഭയത്തിലാണ് ഒരോ നിമിഷത്തിലും പ്രദേശവാസികള്‍ മുന്നോട്ട് പോകുന്നത്.
“ഭിത്തിയിലെ വിള്ളലുകള്‍ കണ്ടാണ് അന്ന് രാവിലെ എണീറ്റത്. രണ്ട് ദിവസത്തിനുള്ളില്‍ വിള്ളലുകള്‍ മറ്റ് ഭിത്തികളിലേക്കും പടര്‍ന്നു. വൈകാതെ തന്നെ മുറികള്‍ ഓരോന്നിലും വിള്ളല്‍ സംഭവിച്ചു. ഇപ്പോള്‍ ഉറങ്ങുമ്പോള്‍ പോലും വിള്ളലുകളുടെ ശബ്ദം കേള്‍ക്കാനാകും,” മോഹന്റെ ഭാര്യ സതേശ്വരി ഷാ പറഞ്ഞു.
മോഹന്‍ സിങ്ങിന്റെ വീടിന് 50 വര്‍ഷത്തോളം പഴക്കമുണ്ട്. അവരുടെ രണ്ട് മക്കളും കൊച്ചുമക്കളും ജനിച്ചത് ഇവിടെയാണ്. വീടിന്റെ ഒന്നാം നിലയിലാണ് താമസം. താഴത്തെ നിലയില്‍ കടകള്‍ പ്രവര്‍ത്തിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം രണ്ട് മുറികള്‍ കൂടി മോഹന്‍ സിങ് നിര്‍മ്മിച്ചു. രണ്ടെണ്ണത്തിന്റെ കൂടെ പണി പുരോഗമിക്കുമ്പോഴാണ് ഇത്തരത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ ആരംഭിച്ചത്. ജില്ലാ ഭരണകൂടം വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മോഹന്‍ സിങ്ങിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അതിന് ഇതുവരെ തയാറായിട്ടില്ല.
“വീട് വിട്ട് അടുത്തുള്ള ജ്യോതി ലോഡ്ജിലേക്ക് താത്കാലികമായി മാറാൻ അവർ ഞങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നു. താമസിയാതെ ഞങ്ങളുടെ വീട് തകർന്നേക്കുമെന്നാണ് പറയുന്നത്. ഇതുവരെ, വലിയ വിള്ളലുകളില്ലാത്ത മുറികളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. പക്ഷേ വൈകാതെ തന്നെ ഞങ്ങള്‍ക്ക് വീട് ഒഴിയേണ്ടി വന്നേക്കാം,” സതേശ്വരി കൂട്ടിച്ചേര്‍ത്തു.
മോഹന്‍ സിങ്ങിന്റെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെ താമസിക്കുന്ന സഞ്ജയ് സതി വീടൊഴിയുകയാണ്. താമസസൗകര്യം പ്രാദേശിക ഭരണകൂടം വാഗ്ദാനം ചെയ്തെങ്കിലും 12 അംഗ കുടുംബം സുഹൃത്തുക്കളുടെ അടുത്തേക്ക് പോകാനാണ് തീരുമാനിച്ചത്.
“കല്ലുകൊണ്ട് നിര്‍മ്മിച്ച വീടായിരുന്നു ഇത്. 1989-ല്‍ ഞങ്ങളുടെ പിതാവ് അത് പൊളിച്ച് കോണ്‍ക്രീറ്റുകൊണ്ട് വീട് ഉണ്ടാക്കി. 1994-ല്‍ ഇത് ആറ് മുറികളുള്ള വീടായിരുന്നു. അഞ്ച് മാസം മുന്‍പ് ഞാന്‍ കുറച്ച് മുറികള്‍ കൂടി പണിയിപ്പിച്ചു. ഈ മാസം ആദ്യമാണ് വിള്ളലുകള്‍ കണ്ട് തുടങ്ങിയത്, പിന്നീടത് വ്യാപിച്ച് വലിയ വിള്ളലുകളായി തുടങ്ങി,” സഞ്ജയുടെ സഹോദരന് വിജയ് സതി പറയുന്നു.
ശനിയാഴ്ച, ഉത്തരാഖണ്ഡ് സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു കോടി രൂപ ബാധിക്കപ്പെട്ടവര്‍ക്ക് അനുവദിച്ചിരുന്നു. കുടുംബങ്ങൾക്ക് അടുത്ത ആറ് മാസത്തേക്ക് പ്രതിമാസ വാടകയായി 4,000 രൂപ വീതം നൽകുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ചമോലി ജില്ലാ ഭരണകൂടം നൽകിയ കണക്കുകൾ പ്രകാരം ശനിയാഴ്ച വരെ 603 വീടുകളിൽ വിള്ളലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാധിക്കപ്പെട്ട 68 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.