ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞെന്നു കർണാടക സർക്കാർ. എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. കുറ്റവാളികൾക്കെതിരായ തെളിവുകൾ ശേഖരിച്ചുവരികയാണെന്നു പറഞ്ഞ മന്ത്രി കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വിസമ്മതിച്ചു. കഴിഞ്ഞമാസം ഒന്‍പതിനും മന്ത്രി സമാന അവകാശവാദങ്ങൾ നടത്തിയിരുന്നെങ്കിലും പ്രതികളിലേക്കു വെളിച്ചം വീശുന്ന തെളിവുകൾ ലഭിച്ചിരുന്നില്ലെന്നാണു സൂചന.
സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. ഏഴ് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തിലേക്ക് അക്രമികള്‍ ഉതിര്‍ത്തത്. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറി. പോയന്റ് ബ്ലാങ്കില്‍ നെറ്റിയില്‍ തറച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മയും നടത്തിയിരുന്നു. കല്‍ബുര്‍ഗിയെ സ്വവസതിയില്‍ വച്ച് രണ്ട് വര്‍ഷം മുമ്പ് കൊലപ്പെടുത്തിയത് പോലെ സമാനരീതിയിലാണ് ഗൗരിയയെ കൊലപ്പെടുത്തിയതും. കല്‍ബുര്‍ഗിയുടെ വധത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭത്തില്‍ ലങ്കേഷ് മുന്‍നിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി.ലങ്കേഷിന്റെ മകളാണ്. ചലച്ചിത്ര പ്രവര്‍ത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനുമാണ്.