ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം ഉണ്ടായതിന് പിന്നാലെ സ്വയം വിമര്‍ശനവുമായി ബിജെപി നേതാവ്. വികസനം മറന്ന് സ്ഥലപ്പേര് മാറ്റുന്നതിലും രാമക്ഷത്ര നിര്‍മ്മാണ വാഗ്‌ദാനത്തിലും ഒതുങ്ങിയതാണ് ബിജെപിയുടെ ദയനീയമായ പ്രകടനത്തിന് കാരണമായതെന്ന് ബിജെപി രാജ്യസഭാ എംപി സഞ്ജയ് കക്കാഡെ പറഞ്ഞു.

‘ഛത്തീസ്ഡിലും രാജസ്ഥാനിലും പരാജയപ്പെടുമെന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു. എന്നാല്‍ മധ്യപ്രദേശിലേത് അപ്രതീക്ഷിതമാണ്. 2014ല്‍ മോദി ഏറ്റെടുത്ത വികസനമെന്ന കാര്യം നമ്മള്‍ മറന്നുപോയെന്നാണ് എനിക്ക് തോന്നുന്നത്. രാമക്ഷേത്രം, സ്ഥലപ്പേര് മാറ്റല്‍ എന്നിവ മാത്രമായി നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു,’ കക്കാഡെ എഎന്‍ഐയോട് പറഞ്ഞു.

സഞ്ജയ് കക്കാഡെ

ഛത്തീസ്‍ഗഡില്‍ കോണ്‍ഗ്രസ് അധികാരമുറപ്പിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങുകയാണ്. മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തി.

ഒന്നര പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന ഛത്തീസ്‍ഗഡില്‍ വന്‍ മുന്നേറ്റം നടത്തിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. 90 സീറ്റുള്ള ഛത്തീസ്‍ഗഡില്‍ 60ല്‍ അധികം സീറ്റിന് കോണ്‍ഗ്രസ് മുന്നിലാണ്. 21 സീറ്റില്‍ മാത്രമാണ് ബജെപിക്ക് മുന്നേറാനായത്. എട്ട് സീറ്റില്‍ മുന്നിലെത്തിയ ബിഎസ്പി മികച്ച നേട്ടമുണ്ടാക്കി.

200 സീറ്റുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. രാജസ്ഥാനില്‍ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകളില്‍ പകുതിയും ബിജെപിക്ക് നഷ്ടപ്പെട്ടു. രാജസ്ഥാനിലെ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിലൂടെ ശ്രദ്ധയാകര്‍ഷിച്ച സിപിഎം രണ്ട് സീറ്റില്‍ വിജയത്തിനരികിലാണ്. നാല് സീറ്റില്‍ മുന്നിലുള്ള ബിഎസ്പിയും രാജസ്ഥാനില്‍ നേട്ടമുണ്ടാക്കി.

Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ