ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും വ്യവസായികള്‍ക്ക് അനധികൃതമായി സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് മധ്യപ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ക്ക് രണ്ട് ഹിന്ദുസ്ഥാന്‍ ആവശ്യമില്ല. ഒന്ന് വ്യവസായികളുടേയും മറ്റൊന്ന് സാധരണക്കാരന്റേയും. അത് വേണ്ട,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
സാഗര്‍ ജില്ലയിലെ ദേവ്രിയില് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രണ്ട് ഹിന്ദുസ്ഥാന്‍ വേണം എന്നുണ്ടെങ്കില്‍ സ്വാതന്ത്ര്യദിനത്തിന് രണ്ട് പതാകകള്‍ ഉയര്‍ത്താം. ഒന്ന് 15-20 വ്യവസായികള്‍ക്കും, മറ്റൊന്ന് ഇവിടുത്തെ സാധാരണക്കാര്‍ക്കും. ഞങ്ങള്‍ക്ക് വേണ്ടത് ഒറ്റ രാജ്യമാണ്. ഞങ്ങള്‍ക്ക് നീതി വേണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
വ്യവസായികളുടെ 3.5 ലക്ഷം കോടിയുടെ വായ്പ എഴുതി തള്ളാമെങ്കില്‍ കര്‍ഷകരുടെ വായ്പയും എഴുതി തള്ളാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിച്ച് പത്ത് ദിവസത്തിനുള്ളില്‍ ഇത് ചെയ്തിരിക്കും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജിവയ്ക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്കി.