ന്യൂഡൽഹി:​സ്ഥാനമൊഴിയാൻ മൂന്ന് ആഴ്ചകൾ ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാഷ്ട്രപതി പ്രണബ് മുഖർജി. “ഞങ്ങൾ തമ്മിൽ കാഴ്ചപ്പാടുകളിൽ ഭിന്നതയുണ്ടായിരുന്നു. അത് പക്ഷെ പുറത്ത് പറഞ്ഞിട്ടില്ല” എന്ന് രാഷ്ട്രപതി. ഇക്കാര്യം ഇരുവരും തമ്മിലുള്ള ബന്ധത്തെ യാതൊരു വിധത്തിലും ഉലച്ചില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

അതേസമയം അച്ഛൻ മകനോടെന്ന പോലെയാണ് രാഷ്ട്രപതി പ്രണബ് മുഖർജി തന്നെ കരുതിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാഷ്ട്രപതി ഭവനിൽ “രാഷ്ട്രപതി പ്രണബ് മുഖർജി- രാജ്യതന്ത്രജ്ഞൻ” എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്ത ചടങ്ങിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

പ്രധാനമന്ത്രിയുമായുള്ള മൂന്ന് വർഷത്തെ ബന്ധത്തിൽ കൂടുതലും വിയോജിപ്പുകളായിരുന്നുവെന്ന് പ്രണബ് മുഖർജി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെയധികം അടുത്ത് ഇടപഴകിയിട്ടുണ്ടെന്നും എന്നാൽ അഭിപ്രായങ്ങളിൽ ഭിന്നതകളില്ലെന്ന് അതിന് അർത്ഥമില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

“കാഴ്ചപ്പാടുകളിൽ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ അത് ഞങ്ങളിൽ തന്നെ ഒതുങ്ങി. മറ്റൊരിടത്ത് അത് ചർച്ചയായില്ല. ഇത് പ്രധാനമന്ത്രിയോ മറ്റ് മന്ത്രിമാരോ കാബിനറ്റ് അംഗങ്ങളോ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ സൃഷ്ടിച്ചില്ല” എന്നും രാഷ്ട്രപതി പറഞ്ഞു.

പല കാര്യങ്ങളിലും വ്യക്തത തേടി ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയെ രാഷ്ട്രപതി ഭവനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. “എല്ലായ്പ്പോഴും മികച്ച അഭിഭാഷകന്റെ പരിജ്ഞാനത്തോടെ അദ്ദേഹം എല്ലാ കാര്യങ്ങളും വിശദീകരിച്ച് തന്നു. ആ കാരണങ്ങൾ കേട്ട ശേഷം എല്ലാ ഉത്തരവുകളിലും ഒപ്പിട്ട് നൽകിയിരുന്നു”, എന്നും പ്രണബ് മുഖർജി പറഞ്ഞു.

വിരമിക്കാൻ ഒരു മാസം മാത്രം ശേഷിക്കേയാണ് പ്രണബ് മുഖർജി ബിജെപി മന്ത്രിസഭയുമായുള്ള പ്രവർത്തനത്തെ കുറിച്ച് തുറന്നുപറയുന്നത്. കഴിഞ്ഞ ഡിസംബറിൽ അത്യന്തം ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഓർഡിനൻസ് പുറത്തിറക്കാൻ പാടുള്ളൂവെന്ന് പ്രണബ് മുഖർജി മന്ത്രിസഭയോട് ആവശ്യപ്പെട്ടിരുന്നു.

ശത്രു സമ്പത്ത് ഓർഡിനൻസ് വിഷയം അഞ്ച് വട്ടമാണ് രാഷ്ട്രപതിയുടെ മുന്നിലേക്ക് എത്തിയത്. അവസാന തവണ മാത്രമാണ് ഇതിൽ രാഷ്ട്രപതി ഒപ്പുവച്ചത്. നോട്ട് നിരോധന വിഷയത്തിൽ മോദി സർക്കാരിന്റെ തീരുമാനം പാവപ്പെട്ടവരെ വലയ്ക്കുമെന്ന് രാഷ്ട്രപതി നിലപാട് പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ