ന്യൂഡൽഹി: മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണ മാത്രമേ നല്‍കുന്നുള്ളൂവെന്നും ഭരണത്തിൽ നിർണായക പങ്കില്ലെന്നും കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. പാർട്ടിയുടെ മഹാരാഷ്ട്ര സഖ്യകക്ഷികളായ ശിവസേന തലവനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും എൻസിപി തലവൻ ശരദ് പവാറും തമ്മിലുള്ള വിള്ളലിനെക്കുറിച്ചുള്ള വാർത്തകളിൽ നിന്നും അദ്ദേഹം വിട്ടു നിന്നു.
“ഇവിടെയുള്ള വ്യത്യാസം എന്താണെന്ന് ഞാൻ പറയാം. ഞങ്ങൾ മഹാരാഷ്ട്രയിലെ സർക്കാരിനെ പിന്തുണയ്ക്കുന്നു, പക്ഷേ ഞങ്ങൾ മഹാരാഷ്ട്രയിലെ പ്രധാന തീരുമാനമെടുക്കുന്നവരല്ല. പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പുതുച്ചേരി എന്നിവിടങ്ങളിൽ ഞങ്ങൾ തീരുമാനമെടുക്കുന്നവരാണ്. ഭരിക്കുന്നതും സർക്കാരിനെ പിന്തുണയ്ക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മഹാരാഷ്ട്രയിലെ കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ചും അത് കൈകാര്യം ചെയ്യുന്നതിൽ ഭരണ സഖ്യത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും മാധ്യമ ചോദ്യങ്ങൾക്ക് മറുപടിയായി ഗാന്ധി പറഞ്ഞു.
Read More: ലോക്ക്ഡൗണ്‍ പരാജയം; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
മഹാരാഷ്ട്രയിലെ കോവിഡ് പ്രതിരോധത്തില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധം മികച്ചതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനിശ്ചിതത്വത്തിലായിരിക്കുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.
കോവിഡ് പ്രതിരോധത്തിൽ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
മറ്റു സംസ്ഥാനങ്ങളുമായി മുംബൈ എല്ലാ തരത്തിലും ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാണ് അവിടെ കോവിഡ് കേസുകള്‍ ഉയരുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
അതേസമയം, കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ പൂർണ പരാജയമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്ത് നാല് ഘട്ടങ്ങളായി നടത്തിയ സമ്പൂർണ അടച്ചുപൂട്ടൽ പരാജയമാണെന്നും പ്രധാനമന്ത്രി ഉദ്ദേശിച്ച ഫലം ലോക്ക്ഡൗണ്‍ കൊണ്ട് ഉണ്ടായില്ലെന്നും രാഹുൽ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകം. സംസ്ഥാനങ്ങള്‍ തനിച്ചാണ് പ്രതിരോധ പോരാട്ടം നടത്തുന്നതെന്നും രാഹുൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ലോക്ക്ഡൗണിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി വ്യക്തത നൽകണം. ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദീകരിക്കണം. സംസ്ഥാനങ്ങളുടെയും അതിഥി തൊഴിലാളികളുടെയും പ്രശ്നങ്ങളിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണം. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് കേന്ദ്രം വിശദീകരണം നൽകണം. രാജ്യത്ത് നാല് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ കൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിച്ച ഒരു ഫലവും ലഭിച്ചില്ല. വൈറസ് വ്യാപനം ക്രമാതീതമായി ഉയരുമ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.