ന്യൂഡൽഹി: രാജ്യസുരക്ഷക്കായി ആവശ്യമെങ്കില്‍ നിയന്ത്രണ രേഖക്ക് കടന്നും ആക്രമണം നടത്തുമെന്ന് ലഫ്‍റ്റനന്റ് ജനറല്‍ ദേവ് രാജ് അന്‍ബു. നിയമന്ത്രണ രേഖ ലംഘിച്ചുള്ള കടന്നുകയറ്റങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം തന്നെ സൈന്യത്തിന്റെ അവസരോചിത ഇടപെടലുകള്‍ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തരമേഖല സൈനിക മേധാവിയാണ് ലഫ്‍റ്റനന്റ് ജനറല്‍ ദേവ് രാജ് അന്‍ബു.

ഇന്ത്യ കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ മിന്നലാക്രമണം ശത്രുക്കൾക്ക് കൃത്യമായ സന്ദേശമാണ് നല്‍കിയത്. ഇന്ത്യ നടത്തിയ മിന്നലാക്രമണം നുഴഞ്ഞുകയറ്റക്കാരെ പ്രതിരോധിക്കുന്നതിന് നിയന്ത്രണ രേഖ തടസമാകില്ലെന്ന സന്ദേശം നല്‍കുന്നതായിരുന്നു എന്നും ലഫ്‍റ്റനന്റ് ജനറല്‍ അന്‍ബു പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിന് ആവശ്യമെങ്കില്‍ നിയന്ത്രണ രേഖക്ക് അപ്പുറത്തും ആക്രമണം നടത്താൻ കരസേന സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു.

ഹിമാലയത്തോട് ചേര്‍ന്നുള്ള പിര്‍ പഞ്ചാല്‍ മേഖലയില്‍ തീവ്രവാദ ക്യാമ്പുകളും ലോഞ്ചിങ് പാഡുകളുമുണ്ട്. അവ തകര്‍ക്കാനും പുതിയവ ഉണ്ടാകാതിരിക്കാനും ഇത്തരം നടപടികള്‍ ആവശ്യമാണെന്നും ലഫ്‍റ്റനന്റ് ജനറല്‍ ഡി അന്‍ബു കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ