ന്യൂഡല്‍ഹി: “ഞങ്ങള്‍ ദൈവങ്ങളല്ല. ദൈവത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞങ്ങളോട് ചെയ്യാന്‍ ആവശ്യപ്പെടരുത്”, ഒരു ഹര്‍ജിക്കാരനോട് സുപ്രിംകോടതിയുടെ മറുപടിയായിരുന്നു ഇത്. ഹര്‍ജി എന്താണെന്നല്ലെ, രാജ്യത്ത് കൊതുകുകളെ മുഴുവന്‍ തുടച്ചുനീക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജിക്കാരനെത്തിയത്.

“ഞങ്ങള്‍ക്ക് രാജ്യത്തെ എല്ലാ വീടുകളിലും കയറി കൊതുകുകളെ കണ്ടെത്തി അവയെ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കാനാവില്ല. ദൈവത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണ് കോടതിയോട് ചോദിക്കുന്നത്. ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ പറ്റില്ല”, ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റേയും ദീപക് മിശ്രയുടേയും ബഞ്ച് നിരീക്ഷിച്ചു.
രാജ്യത്ത് കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ തടയാനായി മുഴുവന്‍ കൊതുകകളേയും തുടച്ചുനീക്കാന്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് കാട്ടി ധനേഷ് ഈഷ്ദാന്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യത്ത് നിന്നും കൊതുകുകളെ തുടച്ചുനീക്കണമെന്ന് പറഞ്ഞ് ഏതെങ്കിലും കോടതി സര്‍ക്കാരിന് നിര്‍ദേശം കൊടുക്കുമെന്ന് തോന്നുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ഡല്‍ഹിയിലെ ഡെങ്കിപ്പനിയും മറ്റ് രോഗങ്ങളും ചൂണ്ടിക്കാട്ടി 2015ല്‍ സമാനമായ ഹര്‍ജി തളളിക്കളഞ്ഞതും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം രോഗങ്ങള്‍ കാരണം മരണം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് ആയിരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ