ന്യൂഡൽഹി: ഫെബ്രുവരി എട്ടിന് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബുദ്ധിപൂർവ്വം വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. വ്യാഴാഴ്ച ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി പ്രതിഷേധത്തിലേക്ക് ബജ്രംഗദൾ പ്രവർത്തകനായ 17കാരൻ വെടിയുതിർത്ത സംഭവം സൂചിപ്പിച്ചുകൊണ്ടാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്.

ഐടി-ടെക് കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന ഡൽഹിയിലെ ഒരു സർക്കാർ സ്കൂൾ വിദ്യാർഥിയുടെ വീഡിയോ ട്വീറ്റ് ചെയ്ത കെജ്‌രിവാൾ തന്റെ പാർട്ടി വിദ്യാർത്ഥികൾക്ക് പേനയും കമ്പ്യൂട്ടറും നൽകുമ്പോൾ എതിർ കക്ഷി വിദ്യാർത്ഥികൾക്ക് തോക്കും വെറുപ്പും നൽകുന്നുവെന്ന് പറഞ്ഞു.

ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിക്ക് സമീപം ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പ്ലസ്‌വൺ വിദ്യാർഥി പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. ആം ആദ്മി പാർട്ടിയുടെ പ്രധാന എതിരാളിയായ ബിജെപിയാണ് ഉത്തർപ്രദേശ് ഭരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ഇയാൾ പതിവുപോലെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് ഡൽഹിയിൽ നിന്ന് 68 കിലോമീറ്റർ അകലെയുള്ള ജൂവാറിലുള്ള വീട്ടിൽ നിന്ന് ഇറങ്ങിയെന്നും എന്നാൽ സ്കൂളിലേക്ക് പോകുന്നതിന് പകരം ഡൽഹിയിലേക്കുള്ള ബസിൽ കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Read More: ജാമിയ വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത് പ്ലസ്‌വൺകാരൻ; കൊലപാതക ശ്രമത്തിന് കേസ്

‘ഇന്നാ പിടിച്ചോ ആസാദികളെ (പ്രതിഷേധക്കാർ), ഹിന്ദുസ്ഥാൻ സിന്ദാബാദ്, ഡൽഹി പൊലീസ് സിന്ദാബാദ്’ എന്നു ആക്രോശിച്ചുകൊണ്ട് തോക്കുധാരിയായ പതിനേഴുകാരൻ വിദ്യാർഥികൾക്കുനേരെ വെടിവയ്ക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ നിരവധി പോസ്റ്റുകൾ ഇയാളുടെ ഫെയ്സ്ബുക്ക് ടൈംലൈനിൽ ഉള്ളതായും ഡൽഹിയിൽ എത്തുന്ന ദിവസം “ഞാനെന്റെ അവസാനയാത്രയിലാണ്, മരണ ശേഷം എന്നെ കാവി പുതപ്പിക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്യണ,”മെന്ന് ഇയാൾ കുറിച്ചിരുന്നതായും പൊലീസ് പറയുന്നു.

മഹാത്മ ഗാന്ധിയുടെ 72-ാം ചരമവാർഷികദിനത്തിൽ സിഎഎയ്ക്കെതിരായ പ്രതിഷേധ ഭാഗമായി രാജ്‌ഘട്ടിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തുന്നതിനിടെയാണ് വെടിവയ്‌പുണ്ടായത്. വെടിവയ്‌പിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. വിദ്യാർഥിയെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook