scorecardresearch

ഞങ്ങളുടെ പരമാവധി ശേഷിയായി; ഇനിയും അഭയാർത്ഥികളെ സ്വീകരിക്കാനാവില്ല: വാർസോ ഗവർണർ

റഷ്യൻ അധിനിവേശം സംബന്ധിച്ച പോളണ്ടിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ യൂറോപ്പ് കൂടുതൽ ഉറച്ചുനിൽക്കേണ്ടതുണ്ടെന്നും ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച ട്രസാസ്കോവ്സ്കി പറഞ്ഞു

വാർസോ: യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് പോളണ്ടിലേക്കുള്ള പലായനം തുടരുമ്പോൾ, തങ്ങളുടെ നഗരം അഭയാർത്ഥികളെ സ്വീകരിക്കാനുള്ള അതിന്റെ ശേഷിയുടെ പരമാവധിയിൽ എത്തിയെന്ന് വാർസോ ഗവർണർ. ഇനിയുമൊരു അഭയാർത്ഥി പ്രവാഹമുണ്ടായാൽ അമേരിക്കയും യൂറോപ്പും സഹായിക്കേണ്ടി വരുമെന്നും വാർസോ മേയർ റഫാൽ ട്രസാസ്കോവ്സ്കി പറഞ്ഞു.

റഷ്യൻ അധിനിവേശം സംബന്ധിച്ച പോളണ്ടിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ യൂറോപ്പ് കൂടുതൽ ഉറച്ചുനിൽക്കേണ്ടതുണ്ടെന്നും ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച ട്രസാസ്കോവ്സ്കി പറഞ്ഞു. പോളണ്ടിന്റെ സ്വാതന്ത്ര്യത്തിനായ് കൂടിയാണ് പോരാടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ പരമാവധി ശേഷിയിലെത്തി, ഒരു ലക്ഷം അഭയാർഥികളെ കൂടി സ്വീകരിക്കാൻ ഞങ്ങൾക്ക് കഴിയില്ല,” അദ്ദേഹം പറഞ്ഞു.

ഒരു വർഷത്തോളം വിദേശകാര്യ ഉപമന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള ട്രസാസ്‌കോവ്‌സ്‌കി, പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിക്കുകയും റഷ്യയ്‌ക്കെതിരെ നിൽക്കുന്ന പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്കൊപ്പം ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കണമെന്നും പറഞ്ഞു.

“സ്വേച്ഛാധിപത്യത്തിനും യുദ്ധക്കുറ്റവാളികളായവർക്കുമെതിരായ ഞങ്ങളുടെ ശക്തവും സങ്കുചിതവുമായ നിലപാടിനെ പിന്തുണയ്‌ക്കാൻ ഇന്ത്യ ഞങ്ങളോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”

ഫെബ്രുവരി 24 ന് ശേഷം രണ്ട്ദശലക്ഷത്തിലധികം യുക്രൈൻ അഭയാർത്ഥികൾ പോളിഷ്-യുക്രൈൻ അതിർത്തി കടന്നതായും 300,000 പേർ ഇപ്പോൾ വാർസോയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നതിന്, മെഡിറ്ററേനിയനിൽ ഒരു അഭയാർത്ഥി പ്രതിസന്ധി ഉണ്ടായപ്പോൾ, ഒരു മാസത്തിനുള്ളിൽ 200,000 അഭയാർത്ഥികൾ യൂറോപ്പിലേക്ക് കടക്കുകയുണ്ടായി. ഞങ്ങൾക്ക് ഇപ്പോൾ ഒരു നഗരത്തിൽ മാത്രം 300,000 ഉണ്ട്.” അദ്ദേഹം വ്യക്തമാക്കി.

അഭയാർത്ഥി പ്രവാഹത്തിൽ വാർസോ മൂന്ന് പ്രധാന വെല്ലുവിളികളാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു, “ആദ്യം, ഞങ്ങൾ അവരെ സഹായിക്കുകയും അവരെ ഉൾക്കൊള്ളുകയും വേണം. ആദ്യം വന്നവരിൽ ഭൂരിഭാഗം പേരെയും വീട്ടുകാരും സുഹൃത്തുക്കളും പരിചരിച്ചിരുന്നു. ഇപ്പോൾ അവർക്ക് താമസവും അടിസ്ഥാന സഹായവും ആവശ്യമാണ്.”

രണ്ടാമത്തെ വെല്ലുവിളി, കേന്ദ്ര ഗവൺമെന്റ് എല്ലാ ഭരണപരമായ ചുമതലകളും സംസ്ഥാനങ്ങളിലേക്ക് മാറ്റി എന്നതാണ്, “അതിനർത്ഥം രജിസ്റ്ററേഷൻ ഞങ്ങൾ ചെയ്യണം, കൂടാതെ സർക്കാർ വാഗ്ദാനം ചെയ്യുന്ന പണവും സാമ്പത്തിക സഹായവും വിതരണം ചെയ്യുക എന്ന ഉത്തരവാദിത്തവും ഞങ്ങൾക്കായിരിക്കും”.

“അവിടെയും ദീർഘകാല പ്രശ്നങ്ങളുണ്ട്, കാരണം യുക്രൈനികൾക്ക് നമ്മുടെ പൗരന്മാർക്ക് സമാനമായ പൗരത്വ പദവി നൽകി. അതിനാൽ അവർക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യ ആരോഗ്യപരിരക്ഷ, തുടങ്ങിയവയ്ക്ക് അവകാശമുണ്ട്. ഞങ്ങൾ അത് നൽകേണ്ടതുണ്ട്. സ്കൂളുകളുടെ ഉത്തരവാദിത്തവും ഞങ്ങൾക്കാണ്. ” വാർസോയിൽ മാത്രം ഇപ്പോൾ യുക്രൈനിൽ നിന്നുള്ള 100,000 വിദ്യാർത്ഥികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച പോളിഷ് സർക്കാർ യുക്രൈനികൾക്ക് 18 മാസത്തേക്ക് സാമൂഹിക ആനുകൂല്യങ്ങൾ അനുവദിക്കുന്ന നിയമം പാസാക്കിയിരുന്നു. ട്രസാസ്കോവ്സ്കി പറഞ്ഞു, “എന്നാൽ 18 മാസത്തിനുശേഷം, സാഹചര്യം എങ്ങനെ മാറുന്നുവെന്ന് നോക്കും. യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ, അതുണ്ടായില്ലെങ്കിൽ, ഈ പ്രത്യേകാവകാശങ്ങൾ വിപുലീകരിക്കപ്പെടുമെന്ന് ഞാൻ കരുതുന്ന… അപ്പോഴേക്കും യുക്രൈന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

“ഒരു രണ്ടാം തരംഗമുണ്ടെങ്കിൽ, ഞങ്ങൾക്ക് യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്രസഭയും നൽകുന്ന ഒരു സംവിധാനം ആവശ്യമാണ്. നമുക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. സിവിൽ സൊസൈറ്റി, സർക്കാരിതര സംഘടനകൾ, ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ എന്നിവരെ ഉപയോഗിച്ചാണ് ഇതുവരെ കാര്യങ്ങൾ ചെയ്തത്”

“യൂറോപ്പിലും മറ്റു ഭാഗത്തേക്കും ഇവരെ മാറ്റുന്ന സംവിധാനം ഉണ്ടാകേണ്ടതുണ്ടെന്നും ഞങ്ങളുടെ ഭാരം പങ്കിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ സിറിയയിൽ നിന്നും ലിബിയയിൽ നിന്നുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാതിരുന്നതിന് വ്യത്യസ്ത കാരണങ്ങൾ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. “യൂറോപ്പിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി മെഡിറ്ററേനിയൻ അഭയാർത്ഥികളെ സ്വമേധയാ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു.” എന്നാൽ 2015ൽ സർക്കാർ മാറി, ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ ആൻഡ്രെജ് ദുഡ പ്രസിഡന്റായതോടെ ആ നയം മാറി.

“പുതിയ സർക്കാർ ആ തീരുമാനത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു, അവർക്ക് ആരെയും അംഗീകരിക്കാൻ കഴിഞ്ഞില്ല, കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അഭയാർത്ഥി വിരുദ്ധ പ്രചാരണം പോലും ആരംഭിച്ചു,” ട്രസാസ്കോവ്സ്ക പറഞ്ഞു. 2020ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡൂഡ വിജയിച്ചു.

“എന്നാൽ ഇപ്പോൾ സ്ഥിതി തികച്ചും വ്യത്യസ്തമാണ്, കാരണം യുക്രൈൻ നമ്മുടെ സ്വാതന്ത്ര്യത്തിനും കൂടി വേണ്ടിയാണ് പോരാടുന്നതെന്ന് പോളണ്ടിൽ എല്ലാവരും മനസ്സിലാക്കുന്നു. അതിനാൽ ഞങ്ങൾ ഞങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായിക്കുന്നു.”

എന്നാലും, ചില ആളുകൾ സാംസ്കാരികവും ഭാഷാപരവുമായ ബന്ധത്തിന് വളരെ പ്രധാനം നൽകുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. “യുക്രൈൻ ലക്ഷ്യത്തിനു നൽകുന്ന പിന്തുണയും പോളിഷ് സമൂഹത്തിന്റെ സ്വാഗതാർഹമായ സഹകരണവും ഇത്തവണ വളരെ വലുതാണ്”, അദ്ദേഹം പറഞ്ഞു.

“നിർഭാഗ്യവശാൽ ഇത് പറയാൻ വളരെ കയ്പേറിയ കാര്യമാണ്, പക്ഷേ ഞങ്ങൾ എല്ലായ്പ്പോഴും ശരിയായിരുന്നു.” യൂറോപ്യൻ പാർലമെന്റിലെ അംഗമെന്ന നിലയിൽ (2009-2013) യൂറോപ്പ് യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ച് സംസാരിച്ച ട്രസാസ്കോവ്സ്ക പറഞ്ഞു. “യൂറോപ്പ് പുടിനെതിരെ കൂടുതൽ ഉറച്ചുനിൽക്കണമെന്ന് ഞങ്ങൾ പറയുകയായിരുന്നു. നമ്മൾ റഷ്യയുമായി ബിസിനസ്സ് ചെയ്യാൻ പാടില്ല, കാരണം അത് ഉടൻ തന്നെ ദുരന്തത്തിൽ അവസാനിക്കും. നാം സ്വതന്ത്രരായിരിക്കണമെന്ന്.”

നാറ്റോ അംഗത്വത്തിനായുള്ള യുക്രൈൻ ശ്രമത്തെ പോളണ്ട് മുമ്പ് പിന്തുണച്ചിട്ടുണ്ട്, മാത്രമല്ല അതിനായി ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു. യുക്രൈൻ ഇപ്പോൾ നാറ്റോയിൽ അംഗമാകാൻ കഴിയുമോ എന്ന ചോദ്യത്തിന്, യുക്രൈൻ പ്രസിഡന്റ് വോലോഡിമർ സെലെൻസ്‌കി പോലും സാധ്യതയില്ലെന്ന് പറഞ്ഞതായി ട്രസാസ്കോവ്സ്ക പറഞ്ഞു. പക്ഷേ, യുക്രൈൻ എത്രയും വേഗം യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകൾ വളരെ പ്രധാനമാണ് എന്നും ട്രസാസ്കോവ്സ്ക പറഞ്ഞു.

“അത് ഞങ്ങൾക്ക് കൂടുതൽ ഉറപ്പ് നൽകും, യുക്രൈനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഞങ്ങൾക്ക് സുരക്ഷിതത്വം തോന്നാനും ഞങ്ങളുടെ ജോലി ലളിതമായി ചെയ്യാനും കഴിയും അത് സഹായിക്കും” അദ്ദേഹം പറഞ്ഞു. ബൈഡനിൽ നിന്ന് കൂടുതൽ പിന്തുണ ലഭിക്കുമെന്നും അഭയാർഥികളുടെ കാര്യത്തിൽ തങ്ങളെ സഹായിക്കാൻ യുഎസ് തയ്യാറാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. “അതാണ് ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന സന്ദേശം.” ട്രസാസ്കോവ്സ്ക പറഞ്ഞു.

Also Read: യുക്രൈനിൽ നിന്ന് നാടുകടത്തപ്പെട്ടു, ഇപ്പോൾ അഭയാർത്ഥിയായി ജീവിക്കാൻ പാടുപെടുന്നു; പതിനേഴുകാരന്റെ കഥ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: We are at capacity cant accept another wave of refugees says warsaw mayor