ന്യൂഡൽഹി: വയനാട് എംപിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയത് വലിയ വാർത്തയായിരുന്നു. എന്നാൽ, 2019 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരെ മത്സരിച്ച മറ്റൊരു രാഹുൽ ഗാന്ധിക്കും ഇതേ വിധിയുണ്ടായി.
2021 സെപ്റ്റംബർ ഒൻപതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കെ.ഇ.രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മൂന്നു വർഷത്തെ വിലക്കേർപ്പെടുത്തി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 10 എ പ്രകാരം മാർച്ച് 29 ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് അയച്ച അയോഗ്യരായ ആളുകളുടെ പട്ടികയിൽ കോട്ടയം സ്വദേശിയായ കെ.ഇ. രാഹുലിന്റെ പേരും ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകളുടെ കണക്ക് കമ്മിഷന് നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമപ്രകാരം മൂന്ന് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേര് പട്ടികയിൽ ഇല്ല. അപകീർത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയത്.
2019 ലെ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് മുപ്പത്തിമൂന്നുകാരനായ കെ.ഇ.രാഹുൽ ഗാന്ധി മത്സരിച്ചത്. ഈ സീറ്റിൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധി ഏഴു ലക്ഷത്തോളം വോട്ടുകൾക്കാണ് വിജയിച്ചത്.
അയോഗ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, 2019 ലെ തിരഞ്ഞെടുപ്പിൽ താൻ മത്സരിച്ചതായി രാഹുൽ ഗാന്ധി സമ്മതിച്ചു, എന്നാൽ കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ചു. “ഞാൻ ആ രാഹുൽ ഗാന്ധിയല്ല” എന്ന് പറഞ്ഞ് അദ്ദേഹം കോൾ വിച്ഛേദിച്ചു.