ന്യൂഡൽഹി: അത്ര ആഘോഷിച്ചിട്ടില്ല കേന്ദ്ര സർക്കാർ, കനേഡിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തെ. പക്ഷെ തന്റെ ലളിതവും ആഘോഷപൂർണ്ണവുമായ ജീവിതത്തെ അത്രത്തോളം തന്നെ ആസ്വദിക്കുകയാണ് അദ്ദേഹവും കുടുംബവും ഇന്ത്യയിൽ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവും മുഹമ്മദ് അസ്ഹറുദ്ദീനും ഒപ്പം ക്രിക്കറ്റ് കളി ആസ്വദിക്കുന്ന വീഡിയോ ആണിപ്പോൾ വാർത്തയായിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് കാനഡ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. അതും കഴിഞ്ഞ ശനിയാഴ്ച. ഒരാഴ്ച നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനത്തിൽ നിരവധി പരിപാടികളാണ് ഉണ്ടായിരുന്നത്. ഇന്നലെ ന്യൂഡൽഹിയിലെ മോഡേൺ ഇന്ത്യ സ്കൂളിലായിരുന്നു അദ്ദേഹത്തിന് സ്വീകരണം നൽകിയത്.

കപിൽ ദേവും മുഹമ്മദ് അസ്ഹറുദ്ദീനും പങ്കെടുത്ത യോഗത്തിൽ മൈതാനത്ത് ജസ്റ്റിൻ ട്രൂഡോയുടെ മകൻ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ നോക്കിനിൽക്കെയാണ് ഈ കളി. ഇവിടേക്ക് നടന്നെത്തുന്ന ജസ്റ്റിൻ ട്രൂഡോ ബാറ്റ് കറക്കിയെറിഞ്ഞ് ഒറ്റക്കൈകൊണ്ട് അനായാസം അത് കൈപ്പിടിയിലാക്കുന്ന കാഴ്ചയ്ക്കാണ് കുട്ടികളെല്ലാം സാക്ഷിയായത്.

വീഡിയോ കണ്ടവർക്കെല്ലാം കനേഡിയൻ പ്രധാനമന്ത്രിയോട് ഇഷ്ടം കൂടുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഒരുവേള ഇദ്ദേഹം ശരിക്കും പ്രധാനമന്ത്രിയാണോ എന്ന് വരെ തോന്നിപ്പോകും. അത്രയ്ക്ക് സരസമാണ് ഈ വീഡിയോ.

ഔദ്യോഗിക സന്ദർശനം നടത്തുന്ന കനേഡിയൻ പ്രധാനമന്ത്രിയുമായി നാളെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ നയതന്ത്ര ചർച്ച.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ