ന്യൂഡൽഹി: ആൾക്കൂട്ടം നോക്കിനിൽക്കെ വനിത പൊലീസ് ഓഫീസറെ ബിജെപി എംഎൽഎ ഭീഷണിപ്പെടുത്തി. ഉത്തരാഖണ്ഡിലെ രുദ്രാപുർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജ്‌കുമാർ തുക്രാലാണ് വനിത എസ്ഐയെ ഭീഷണിപ്പെടുത്തിയത്. സിറ്റി പട്രോൾ യൂണിറ്റ് എസ്ഐ യായ അനിത ഗൈറോളയാണ് ഭീഷണിക്കിരയായത്.

ട്രാഫിക് നിയമം ലംഘിച്ച രണ്ടുപേരെ അനിത കസ്റ്റഡിയിലെടുത്തതാണ് കാരണം. ഇരുവരും തമ്മിൽ ഇത് സംബന്ധിച്ച് വാക്കുതർക്കും ഉണ്ടായി. കസ്റ്റഡിയിലെടുത്തവരെ പൊലീസ് സ്റ്റേഷനിൽ നിന്ന് എംഎൽഎയും സംഘവും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. ഇതിനിടെയിലാണ് എംഎൽഎ, ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം നടന്നത്. എസ്ഐയെ എംഎൽഎ ഭീഷണിപ്പെടുത്തുന്ന വീഡിയോ വാർത്ത ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്.

ഈ വർഷം തന്നെ നടന്ന മൂന്ന് ദലിത് സ്ത്രീകളെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ തുക്രാൽ പ്രതിയാണ്. മാർച്ച് 9 നാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത ദലിത് ആൺകുട്ടിയും പെൺകുട്ടിയും ഒളിച്ചോടിയതാണ് സംഭവത്തിന് ആധാരം. ഇതേ തുടർന്നാണ് രണ്ട് കുട്ടികളുടെയും കുടുംബങ്ങളെ എംഎൽഎ വിളിച്ചുവരുത്തിയത്.

ഇവിടെ വച്ച് ആൺകുട്ടിയുടെ അമ്മയെയും രണ്ട് സഹോദരിമാരെയും എംഎൽഎയും സംഘവും പൊതിരെ തല്ലി. ആൺകുട്ടിയുടെ അച്ഛൻ രാം കിഷോറിനും മർദ്ദനമേറ്റു. രാം കിഷോർ ഇതേക്കുറിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരെ തുക്രാൽ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook