scorecardresearch
Latest News

സ്വാമിമാര്‍ക്കിത് കലികാലം! ഓം സ്വാമിയെ സംഘാടകര്‍ പഞ്ഞിക്കിട്ടു; ആള്‍ദൈവം വേദി വിട്ടത് വെപ്പ് മുടി കൈയിലേന്തി

അടികിട്ടിയ സ്വാമിയുടെ വെപ്പ് മുടിയും തലയില്‍ നിന്ന് ഊരിപ്പോയി

സ്വാമിമാര്‍ക്കിത് കലികാലം! ഓം സ്വാമിയെ സംഘാടകര്‍ പഞ്ഞിക്കിട്ടു; ആള്‍ദൈവം വേദി വിട്ടത് വെപ്പ് മുടി കൈയിലേന്തി

ന്യൂഡല്‍ഹി: ബിഗ് ബോസിലെ വിവാദ മത്സരാര്‍ത്ഥിയും സ്ത്രീകളോട് മോശമായ പെരുമാറ്റത്തിന്റെ പേരില്‍ കുപ്രശസ്തനുമായ സ്വാമി ഓമിന് മര്‍ദ്ദനം. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ ഓമിനെയാണ് സംഘാടകര്‍ തന്നെ കൈകാര്യം ചെയ്തത്.

ഡല്‍ഹിയിലെ വികാസ് നഗറില്‍ നാഥൂറാം ഗോഡ്സെയുടെ ജന്മദിന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായാണ് സ്വാമിയെത്തിയത്. എന്നാല്‍ വിവാദ സ്വാമിയെ പരിപാടിയില്‍ പങ്കെടുപ്പിച്ചതും ആദരിക്കുന്നതും ചിലര്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെ പലവട്ടം മോശമായ അഭിപ്രായപ്രകടനങ്ങളുമായി എത്തിയ സ്വാമിയെ പുറത്താക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ എതിര്‍പ്പ് അറിയിക്കുകയും ബഹളം വെക്കുകയും ചെയ്തു.

സംഗതി കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ ഓം സ്വാമി ഉടന്‍ തന്നെ സ്ഥലം വിടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ സംഘാടകര്‍ എത്തി സ്വാമിയെ കൈകാര്യം ചെയ്യുകയായിരുന്നു. അടികിട്ടിയ സ്വാമിയുടെ വെപ്പ് മുടിയും തലയില്‍ നിന്ന് ഊരിപ്പോയി. പിന്നീട് വെപ്പ് മുടിയും കൈയില്‍ എടുത്താണ് വിവാദ സ്വാമി സ്ഥലം വിട്ടത്. തന്നെ ആരാണ് ഈ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് അറിയില്ലെന്ന് പിന്നീട് സ്വാമി പ്രതികരിച്ചു.

https://www.youtube.com/watch?time_continue=337&v=xWrElJ9Hqok

നേരത്തേ ഇയാള്‍ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തിരുന്നു. യുവതിയെ കടന്നുപിടിച്ച് വസ്ത്രം വലിച്ച് കീറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലായിരുന്നു നടപടി. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഓം സ്വാമി. ഷോയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ഇയാളെ പരിപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പേരില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Watch swami om gets beaten up so badly at delhi event that his wig comes off