പോണ്ടിച്ചേരി: സർക്കാരിന്റെ ഔദ്യോഗിക പരിപാടിക്കിടെ ഗവർണർ കിരൺ ബേദി പ്രസംഗം അവസാനിപ്പിക്കാൻ ഇടപെട്ടത് എംഎൽഎയെ ചൊടിപ്പിച്ചു. പൊതുവേദിയിൽ മുഖ്യമന്ത്രിയും മറ്റ് സഭാംഗങ്ങളും ജനങ്ങളും നോക്കിനിൽക്കെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു.

അണ്ണാ ഡിഎംകെ എംഎൽഎ എ അൻപഴകനും ഗവർണർ കിരൺ ബേദിയും തമ്മിലുളള ചൂടേറിയ വാക്പോരിന്റെ വീഡിയോ എഎൻഐയാണ് പുറത്തുവിട്ടത്.

പ്രസംഗം ചുരുക്കണമെന്ന തുടർച്ചയായ ആവശ്യം കണക്കിലെടുക്കാതെ എംഎൽഎ സംസാരിച്ചതാണ് കിരൺ ബേദിയെ പ്രകോപിപ്പിച്ചത്. പിന്നാലെ ഇവർ ടെക്നിക്കൽ വിഭാഗത്തോട് മൈക് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. പ്രസംഗം തടസപ്പെടുത്തിക്കൊണ്ട് മൈക് ഓഫ് ചെയ്തു. ഇതോടെ അൻപഴകൻ രോഷത്തോട് വേദിയിലുണ്ടായിരുന്ന കിരൺ ബേദിയോട് കയർത്തു. വേദിയിൽ നിന്നും ഇറങ്ങിപ്പോകാനാണ് കിരൺ ബേദി എംഎൽഎയോട് പറഞ്ഞത്.

എന്നാൽ കിരൺ ബേദിയോട് വേദിയിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് അൻപഴകൻ തിരിച്ചടിച്ചു. വേദിയിലുണ്ടായിരുന്ന മറ്റുളളവരുടെ അടുത്തേക്ക് പോകാൻ ശ്രമിച്ച അൻപഴകനെ, കിരൺ ബേദി മുന്നിൽ കയറി നിന്ന് തടഞ്ഞു.

ഒരു വേള ഇരുവരും തമ്മിൽ കൈയ്യാങ്കളിയിലേക്ക് എത്തുമോയെന്ന് തോന്നിയെങ്കിലും വേദിയിലുണ്ടായിരുന്ന മറ്റുളളവർ ഇടപെട്ട് അൻപഴകനെ ശാന്തനാക്കുകയായിരുന്നു.

വാച്ചിലേക്ക് ചൂണ്ടി സമയത്തെ കുറിച്ച് കിരൺ ബേദി ചോദിക്കുന്നത് വീഡിയോയിൽ കാണാം.

സംഭവം വിവാദമായതിന് പിന്നാലെ കിരൺ ബേദി ട്വിറ്ററിൽ വിശദീകരണം കുറിച്ചു.

തുറസായ സ്ഥലത്ത് മലംമൂത്ര വിസർജനം നടത്താത്ത സംസ്ഥാനങ്ങളിൽ, കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയെ ഉൾപ്പെടുത്തിയതിന്റെ ആഘോഷ ചടങ്ങിലായിരുന്നു സംഭവം. ഈ നേട്ടത്തിന് പോണ്ടിച്ചേരിയെ പ്രാപ്തരാക്കിയ പ്രധാനപ്പെട്ടവർക്ക് പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു ഈ വാക്പോര്.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്ന് ഗവർണർ പ്രവർത്തിക്കുന്നതായി പോണ്ടിച്ചേരിയിലെ ഭരണപക്ഷത്തിന് പരാതിയുണ്ട്. ഇത് പരസ്യമായി തന്നെ മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞിട്ടുളളതുമാണ്. മെയ് മാസം നടന്ന ഒരു പരിപാടിയിൽ കിരൺ ബേദി തന്റെ പ്രസംഗം തമിഴിലേക്ക് മൊഴിമാറ്റി പറഞ്ഞുകൊടുക്കാൻ മുഖ്യമന്ത്രി വി നാരായണസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook