ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചിന് പോയി ഡാൻസ് കളിക്കുന്ന വിഡിയോ പുറത്തായി. സിനിമാ താരം കൂടിയായ എം.എച്ച്.അംബരീഷാണ് ഡാൻസ് കളിച്ച് വിവാദത്തിലായിരിക്കുന്നത്. നിയസഭാ സമ്മേളനത്തിൽ അംബരീഷിനെ കാണാത്തതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തെ അന്വേഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയ്ക്കാണ് വിഡിയോ പുറത്തു വന്നത്.

എംഎൽഎയ്‌ക്ക് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. കർണാടക പിസിസി പ്രസിഡന്റായ ദിനേഷ് ഗുണ്ടു റാവുവാണ് എംഎൽഎയെ അനുകൂലിച്ച് രംഗത്തെത്തിയത്. അംബരീഷ് ഒരു എംഎൽഎയെന്നതിലുപരി സിനിമാ താരം കൂടിയാണെന്ന് എല്ലാവരും മനസിലാക്കണം. ടിവി ചാനലുകൾ കൂടുതൽ ഗൗരവമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും ഗുണ്ടു റാവു പറഞ്ഞു.

ഇതാദ്യമായല്ല അംബരീഷ് വിവാദങ്ങളിൽ പെടുന്നത്. 2015ൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മറ്റൊരു എംഎൽഎയോടൊപ്പം മൊബൈലിൽ വാട്സ്ആപ്പ് വിഡിയോ കാണുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു. 2014ൽ മദ്യപിച്ച് ലക്കുകെട്ട് ഡാൻസ് കളിക്കുന്നതും ബാറിൽ വച്ച് പെൺകുട്ടിക്ക് ചുംബനം നൽകുന്നതുമായ വിഡിയോയും പുറത്തായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ