അമേരിക്കന്‍ മുന്‍ പ്രസിഡന്റും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് വെളളിയാഴ്ച്ച രാത്രിയാണ് അന്തരിച്ചത്. പ്രസിഡന്റ് ആകുന്നതിന് മുമ്പ് എച്ച്.ഡബ്ല്യു ബുഷ് യുഎസ് നാവികസേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിനൊപ്പം ജപ്പാനെതിരായ പോരാട്ടത്തിലും അദ്ദേഹം അണിനിരന്നിട്ടുണ്ട്.

അമേരിക്കൻ ഐക്യനാടുകളുടെ നാവികത്താവളമായ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ 1941 ഡിസംബർ 7-ന് ആക്രമണം നടത്തുമ്പോള്‍ ബുഷിന് 18 വയസായിരുന്നു. അന്നാണ് തനിക്ക് സേനയില്‍ ചേരണമെന്ന ആഗ്രഹം ഉണ്ടായതെന്ന് ബുഷ് വെളിപ്പെടുത്തിയിട്ടുണ്ട്. 20ാം വയസിലാണ് അദ്ദേഹത്തെ സേനയില്‍ തിരഞ്ഞെടുക്കുന്നത്.
ആശയവിനിമയത്തിനും മറ്റുമായി ജപ്പാന്‍ സുരക്ഷിതമായി കോട്ട കെട്ടിയിരുന്ന ചെച്ചി ജിമ എന്ന ദ്വീപിനെതിരെ അമേരിക്ക അക്രമം നടത്തുമ്പോള്‍ ബുഷ് ടിബിഎം അവെഞ്ചര്‍ എന്ന പോര്‍വിമാനത്തിലായിരുന്നു. ജപ്പാന്റെ അക്രമത്തില്‍ വിമാനം തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെടുമ്പോള്‍ വിമാനത്തില്‍ എച്ച്.ഡബ്ല്യു ബുഷും ഉണ്ടായിരുന്നു.

വിമാനത്തിന്റെ എഞ്ചിന് തീപിടിച്ച് തകരുമ്പോള്‍ ബുഷ് ലക്ഷ്യത്തിലേക്ക് ആക്രമണം അഴിച്ചുവിട്ട ശേഷമാണ് വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ കടലിലേക്ക് ചാടിയത്. തുടര്‍ന്നാ നാല് മണിക്കൂര്‍ അദ്ദേഹം നടുക്കടലില്‍ ചങ്ങാടത്തില്‍ പിടിച്ചിരുന്നു. അമേരിക്കയുടെ മുങ്ങിക്കപ്പലായ യുഎസ്എസ് ഫൈന്‍ബാക്ക് ആണ് പിന്നീട് ബുഷിനെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ അന്ന് അമേരിക്കന് വ്യോമസേന പകര്‍ത്തിയിരുന്നു.

1945ല്‍ ജപ്പാന്‍ കീഴടങ്ങിയതിന് ശേഷമാണ് ബുഷ് സൈനിക സേവനം അവസാനിപ്പിച്ച് യൈല്‍ സര്‍വകലാശാലയില്‍ പഠനത്തിനായി പോയത്. വെളളിയാഴ്ച്ച രാത്രിയാണ് 94കാരനായ ബുഷ് മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook