മുംബയ്: സഞ്ജയ് ലീലാ ബൻസാലി ഒരുക്കിയ പത്മാവതി സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. സിനിമയെ സിനിമയായി കാണണമെന്നും അതിൽ ചരിത്രവും ഭൂമിശാസ്ത്രവും ഉൾപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തെ എതിർക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘സിനിമയിൽ എന്തെങ്കിലും ഇഷ്‌ടപ്പെട്ടാൽ അത് സ്വീകരിക്കണം. അതുപോലെ എന്തെങ്കിലും ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അത് നിങ്ങൾ തള്ളിക്കളയുക. ‘പത്മാവതി’യെ പിന്തുണയ്‌ക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തിൽ ചരിത്രത്തെ വളച്ചൊടിച്ചു എന്നാരോപിച്ച് സംഘപരിവാർ സംഘടനകൾ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജയ്‌പൂർ റാണിയായിരുന്ന പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തിൽ റാണിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് കർണി സേന പ്രവർത്തക‌ർ നേരത്തെ ജയ്ഗഡ് കോട്ടയിലെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. റാണിയെ മോശമായി ചിത്രീകരിച്ചിട്ടുള്ള രംഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർണി സേന മുന്നറിയിപ്പ് നൽകിയിരുന്നു.

ചിത്രത്തിന്റെ സംവിധായകനെതിരെ ശക്തമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സിനിമാ സെന്‍സര്‍ബോര്‍ഡ് അംഗം അര്‍ജുന്‍ ഗുപ്ത കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചു. ബിജെപി എംഎല്‍എ രാജ് പുരോഹിതും ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി സ്മൃതി ഇറാനിക്കും നിവേദനം സമര്‍പ്പിച്ചിരുന്നു.

‘പത്മാവതി’ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തേ പറഞ്ഞിരുന്നു. ഹിന്ദുക്കളെ മോശമായി ചിത്രീകരിച്ചാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. ചിത്രം പുറത്തിറക്കണമെങ്കില്‍ രജപുത്ര വിഭാഗക്കാരുടെ അംഗീകാരം തേടണമെന്നും രാജാസിംഗ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ