ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ദൂരദര്‍ശന്‍ അസിസ്റ്റന്റ് ക്യാമറാമാന്റെ വീഡിയോ പുറത്തുവന്നു. ദൂരദര്‍ശന്റെ ക്യാമറാമാനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട ആക്രമണം നടക്കുന്നതിനിടെയാണ് മോര്‍മുക്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. തന്റെ അമ്മയ്ക്ക് വേണ്ടിയുളള ഒരു സന്ദേശം എന്ന നിലയിലാണ് അദ്ദേഹം വീഡിയോ തയ്യാറാക്കിയത്.

താനും അക്രമണത്തില്‍ കൊല്ലപ്പെടുമെന്ന് കരുതിയാണ് അദ്ദേഹം വീഡിയോ സന്ദേശം തയ്യാറാക്കിയത്. ‘ഇവിടത്തെ സാഹചര്യം വളരെ മോശമാണ്. എന്നാല്‍ മരിക്കാന്‍ എനിക്ക് ഭയമില്ല,’ എന്ന് അദ്ദേഹം ക്യാമറയില്‍ നോക്കി പറയുന്നുണ്ട്. വെടിയൊച്ച കേള്‍ക്കുന്ന വീഡിയോയില്‍ അദ്ദേഹം നിലത്ത് കിടന്ന് കൊണ്ടാണ് സംസാരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ധീരജ് കുമാര്‍, ക്യാമറാമാന്‍ അച്യുത്യാനന്ദ സാഹു എന്നിവര്‍ക്കൊപ്പമാണ് മോര്‍മുക്ത് തിങ്കളാഴ്ച റിപ്പോര്‍ട്ടിങ്ങിനായി ബസ്തറിലെത്തിയത്. സാഹുവും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. എന്നാല്‍ മോര്‍മുക്തും ധീരജും ബാക്കിയുളള സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷപ്പെട്ടിരുന്നു.

രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ദൂരദര്‍ശന്‍ ക്യാമറാമാനുമാണ് കൊല്ലപ്പെട്ടത്. അടുത്തമാസം ഇവിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താശേഖരണത്തിനായി പോയതായിരുന്നു ദൂരദര്‍ശന്‍ സംഘം. ദന്തേവാഡയിലെ അരന്‍പൂരിലാണ് ആക്രമണം നടന്നത്. മൂന്നു ദിവസം മുമ്പ് ഛത്തീസ്ഗഡിലെ ബജിപൂര്‍ ജില്ലയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 90 അംഗ നിയമസഭയിലേക്ക് രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.

നവംബര്‍ 12നും 20നുമാണ് വോട്ടെടുപ്പ്. ദക്ഷിണ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലകളില്‍ ഒന്നാംഘട്ടത്തിലാണ് വോട്ടെടുപ്പ്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook